തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ഏറുമ്പോള്‍ സംശയത്തിന്റെ നിഴല്‍ ഏറെ പേരിലേക്ക് നീളുകയാണ്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട് എന്ന ചോദ്യമാണ് സംഭവം സ്വാഭാവിക അപകടമല്ല എന്നു വിലയിരുത്തുന്നതിന് അടിസ്ഥാനം. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ആരെങ്കിലും അപകടപ്പെടുത്തിയതായിരിക്കാം എന്ന സംശയമാണ് തിരുവനന്തപുരത്തെ മാധ്യമ ലോകം ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ ആര്? രാഷ്ട്രീയക്കാരും മത നേതാക്കളും ബിസിനസ് പ്രമുഖരുമടക്കം നിരവധി ശത്രുക്കള്‍ പ്രദീപിനുണ്ടായിരുന്നു. എല്ലാവരും അതിശക്തര്‍. അതുകൊണ്ട് തന്നെ പ്രദീപിന്റെ അസ്വാഭാവിക മരണത്തില്‍ സംശയങ്ങള്‍ ഏറെയാണ്
ആര്‍ക്കെതിരെയും മുഖം നോക്കാതെ വാര്‍ത്ത കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു പ്രദീപ്.മുഖ്യമന്ത്രി പിണറായി വിജയനെ പ്രദീപ് വാർത്തകളിലൂടെ നിരന്തരം പ്രദീപ് ആക്രമിച്ചു. പിണറായിയെ വിമര്‍ശിച്ച് നിരവധി വാര്‍ത്തകള്‍ അടുത്ത കാലത്തായി പ്രദീപ് ചെയ്തു. അവസാനം ചെയ്ത വാര്‍ത്തകളിലൊന്ന് പിണറായിയുടെ മകള്‍ വീണയേയും പുതിയ ഭര്‍ത്താവ് മുഹമ്മദ് റിയാസിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ടുള്ളതായിരുന്നു.
കേന്ദ്രമന്ത്രി വി.മുരളീധരനായിരുന്നു പ്രദീപിൻ്റെ വിമർശനത്തിനിരയായ മറ്റൊരു വമ്പൻ നേതാവ്.പാർട്ടി പ്രവർത്തകയുമൊത്തുള്ള കേന്ദ്രമന്ത്രിയുടെ വിദേശയാത്രകൾക്കെതിരെ പ്രദീപ് നിരവധി വാർത്തകൾ നൽകിയിരുന്നു.
ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ചും കെ പി യോഹന്നാന്റെ സാമ്പത്തിക തിരിമറികളെക്കുറിച്ചും തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയിരുന്നു. ഫ്ളവേള്‌സ് ടി വിയുടെ ശ്രീകണ്ഠന്‍ നായരെ വ്യക്തിപരമായി ഉന്നം വെച്ചു നല്‍കിയ വാര്‍ത്തയും ചര്‍ച്ചയായിരുന്നു.
മംഗളം ടിവി സിഇഒ അജിത് കുമാറിനെതിരെ നിരവധി വാര്‍ത്തകള്‍ പ്രദീപ് ചെയ്തു. മംഗളം തുടങ്ങുമ്പോള്‍ പ്രദീപും ഉണ്ടായിരുന്നു. വിവാദമായ ഹണി ട്രാപ് കേസില്‍ പ്രതിയായി ജയിലിലും കിടന്നു. മന്ത്രി ശശീന്ദ്രന്റെ രാജിയിലേക്ക് നീണ്ട കേസ് പിന്നീട് മംഗളം മാനേജ് മെന്റും സര്‍ക്കാറും ധാരണയിലെത്തി ഒതുക്കി. കുറ്റപത്രം പോലും നല്‍കിയില്ല. മന്ത്രി സഭയിലെ മറ്റൊരു പ്രമുഖനെതിരെയും വീഡിയോ തെളിവുകളുണ്ടെന്നു ബോധ്യപ്പെടുത്തിയായിരുന്നു ഒത്തു തീര്‍പ്പ് എന്ന ആരോപണം ഉണ്ടായി. ഹണി ട്രാപ് കേസില്‍ നിരപരാധികളാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രദീപും സഹപ്രവര്‍ത്തകനായിരുന്ന എം ബി സന്തോഷ് കുമാറും ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും പ്രദീപ് തയ്യാറായില്ല.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് എസ് വി പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തില്‍പ്പെടുന്നത്. നേമം കാരയ്ക്കാമണ്ഡപത്ത് വച്ചാണ് വാഹനാപകടമുണ്ടായത്. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇത് വരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.