KeralaNews

വെള്ളാപ്പള്ളിയ്ക്ക് ആശ്വാസം,എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ ഹൈക്കോടതി ഉത്തരവ്  സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി:എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍  വെള്ളാപ്പള്ളിക്ക് ആശ്വാസം.ഹൈക്കോടതി ഉത്തരവ്  സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീൽ നൽകിയത് .എതിർകക്ഷികൾക്ക് നോട്ടീസക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

എസ് എൻ കോളേജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ  വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനിൽക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.

1998ൽ കൊല്ലം എസ് എൻ കോളേജിലെ സുവർണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.1 കോടി രൂപ പിരിച്ചെടുത്തതിൽ 55ലക്ഷം രൂപ പൊതുജനപങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റിയതിൽ ക്രമക്കേട് ആരോപിച്ചാണ് പരാതി.

കമ്മിറ്റിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശനെതിരെ  അന്നത്തെ എസ് എൻഡി പി കൊല്ലംജില്ല വൈസ് പ്രസിഡന്‍റും,ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.

കൊല്ലം സിജെഎം കോടതി അന്വേഷണത്തിന് രണ്ട് തവണ ഉത്തരവിട്ടെങ്കിലും വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകി. ഇതിനെതിരെ  ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ 2014ലാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

തുടർന്ന് ആറ് വർഷത്തിന് ശേഷം 2020ൽ വെള്ളാപ്പള്ളിയെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കൊല്ലം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ യോഗനാദം മാസികയിൽ ഫണ്ട് തിരിമറിയിൽ വെള്ളാപ്പള്ളിയുടെ ഭാഗം വിശദീകരിച്ച വന്ന ലേഖനത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൊല്ലം സിജെഎം കോടതിയുടെ അനുമതിയോടെ കേസ് വീണ്ടും അന്വേഷിച്ചു.

വെള്ളാപ്പള്ളിയെ വിചാരണയ്ക്ക് വിധേയനാക്കാൻ പ്രാപ്തമായ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് തള്ളി ആദ്യ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളി വിചാരണ നേരിടണമെന്ന ഹർജിക്കാരന്‍റെ ആവശ്യമാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ അംഗീകരിച്ചത്.സുപ്രീംകോടി സ്റ്റേ വന്നതോടെ നിയമനടപടികൾ ഇനിയും നീണ്ട് പോകാൻ സാധ്യതയേറെയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button