ഹൈക്കമാൻഡ് തീരുമാനം കോടതിവിധിപോലെ, അംഗീകരിച്ചേ മതിയാകൂ: ഡി.കെ. ശിവകുമാർ

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിസ്ഥാനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ പി.സി.സി. അധ്യക്ഷസ്ഥാനവും എന്ന ഫോര്‍മുലയ്ക്ക് വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍. കോടതിവിധി അംഗീകരിക്കേണ്ടതുള്ളതുപോലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചതെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രതികരിച്ചു.

വിഷയം ഞങ്ങള്‍ ഹൈക്കമാന്‍ഡിന് വിട്ടു. അവര്‍ തീരുമാനിച്ചു. വ്യക്തിതാല്‍പര്യത്തേക്കാള്‍ ഉപരി പാര്‍ട്ടിയുടെ താല്‍പര്യമാണിത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞാന്‍ അംഗീകരിക്കേണ്ടതുണ്ട്, ശിവകുമാര്‍ പറഞ്ഞു. ഇതൊരു വിധിയാണ്. നമ്മള്‍ ഒരുപാടു പേര്‍ കോടതികളില്‍ വാദമുന്നയിക്കും. ആത്യന്തികമായി ന്യായാധിപന്‍ എന്തുപറയുന്നോ അത് അംഗീകരിക്കേണ്ടതായി വരും, ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നാലുദിവസത്തെ അനിശ്ചിതത്വത്തിനും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും പിന്നാലെ വ്യാഴാഴ്ചയാണ് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും ഡി.കെയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുംവരെ പി.സി.സി. അധ്യക്ഷസ്ഥാനവും എന്ന തീരുമാനമാണ് വ്യാഴാഴ്ച ഹൈക്കമാന്‍ഡ് അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News