EntertainmentKeralaNews

റിലീസ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡീഗ്രേഡിംഗ് വിഡിയോ: സി.ബി.ഐ അനുഭവം തുറന്നു പറഞ്ഞ് എസ്.എൻ. സ്വാമി

തിരുവനന്തപുരം:സിബിഐ അഞ്ചാം ഭാഗത്തെ തകര്‍ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് തിരക്കഥാകൃത്ത് എസ്‍.എൻ. സ്വാമി. രാവിലെ എട്ടരയ്ക്ക് റിലീസ് ചെയ്ത സിനിമയെക്കുറിച്ചുള്ള മോശം നിരൂപണ വിഡിയോ ഒൻപത് മണിയോടെ കാണാൻ ഇടയായെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഡിജിറ്റൽ മീഡിയയുടെ അതിപ്രസരമുള്ള സമയത്തല്ല ഞാൻ ഇതിന് മുൻപ് സിനിമ ചെയ്തിരുന്നത്. ആറേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ വീണ്ടും സിനിമ ചെയ്യുന്നത്. ഒരു സിനിമയുടെ മാർക്കറ്റിങ്ങ് തന്ത്രങ്ങളും ടെക്നിക്കുകളും മാറിയ ഒരു കാലത്താണ് ഞങ്ങൾ ഈ സിനിമയുമായി എത്തിയത്. ഒരുപാട് കാര്യങ്ങൾ എനിക്ക് കൃത്യമായി അറിയില്ലായിരുന്നു, അനുഭവങ്ങളിലൂടെയാണ് പഠിച്ചത്.

ഡീഗ്രേഡിങ് സീരിയസ് ആയി ഈ സിനിമയെ ബാധിക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. അതിന് ഒരേയൊരു കാരണം ഈ നാട്ടിലെ പ്രബുദ്ധരായ പ്രേക്ഷകരാണ്. അവരോടാണ് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീ ജനങ്ങളോട്. അവർ ഒന്നടങ്കം ഈ സിനിമയെ ഇഷ്ടപ്പെടുകയും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതാണ് ഈ സിനിമ കാണാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചത്.

എനിക്ക് ചെറിയ ഒരു വിഷമം എന്തെന്നാൽ പല വിമർശകരും കരുതി കൂടിയാണോ എന്ന് അറിയില്ല പറയാൻ പാടില്ലാത്ത പല സ്പോയിലേഴ്‌സും പറയുകയുണ്ടായി. അവരുടെ ഉദ്ദേശം വിമർശനമല്ല സിനിമയുടെ പ്രധാന ഭാഗങ്ങൾ മറ്റുള്ളവരെ അറിയിക്കുക എന്നതാണ്. അതിനെ ഒരു നല്ല വിമർശനമായി കാണാൻ സാധിക്കുകയില്ല.

ഒന്നാം തീയതി രാവിലെ എട്ടരയ്ക്കാണ് സിനിമ റിലീസ് ചെയ്തത്. ഒമ്പത് മണിയോടെ വിമർശനത്തിന്റെ വിഡിയോ കാണാൻ ഇടയായി. ഇതൊന്നും ഞങ്ങൾക്ക് പരിചിതമല്ല. 60ൽ അധികം സിനിമകൾക്ക് ഞാൻ തിരക്കഥ എഴുതി. അതിൽ 40ഓളം സിനിമകളിൽ മമ്മൂട്ടി നായകനായി, മോഹൻലാൽ 20ഓളം സിനിമയിലും, അമ്പിളി ചേട്ടൻ എന്ന ജഗതി ശ്രീകുമാറും 40ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ഇത്തരം പ്രവണതകൾ ഉണ്ടായിട്ടില്ല.

പണ്ടും ക്രിയാത്മകമായ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് അങ്ങനെയല്ല, ഈ മാറ്റത്തിന് കാരണമെന്ത് എന്ന് മനസ്സിലാകുന്നില്ല. എന്നെയോ സംവിധായകനെയോ വിമർശിച്ചാൽ അത് അത്ര പ്രശ്നമല്ല. എന്നാൽ പണം മുടക്കുന്ന നിർമ്മാതാവിന്റെ കാര്യം അങ്ങനെയല്ല. അവർക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ പാടായിരിക്കും. എല്ലാ സിനിമയും സിബിഐ പോലെ ആകില്ല.’’–എസ്.എന്‍. സ്വാമി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button