26.3 C
Kottayam
Saturday, November 16, 2024
test1
test1

‘എസ്. ജാനകിയ്ക്ക് ആദരാഞ്ജലികൾ’ മാപ്പില്ല ഈ ക്രൂരതയ്ക്ക്… മഹാഗായികയോട് എന്തിനീ നന്ദികേട്?

Must read

കൊച്ചി:വന്‍ ആരാധക ശൃംഘമുള്ള ഗായികയാണ് എസ് ജാനകിയമ്മ. നിരവധി ഭാഷകളില്‍ ഹൃദയം തൊടുന്ന ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചത് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളും അടക്കം എണ്ണമറ്റ ബഹുമതികള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ രവി മേനോന്‍ ജാനകിയമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏവരുടെയും ഉള്ള് തൊടുന്നത്.

ക്ഷമിക്കുക, പ്രിയ ജാനകിയമ്മ

മരണത്തിന്റെ വക്കില്‍ നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു തിരികെ കൊണ്ടുവന്ന വ്യക്തി മലയാളികളിലൊരാളായിരുന്നു എന്ന് ഇന്നും കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു എസ് ജാനകി. അതേ മലയാളികളില്‍ ചിലര്‍ വര്‍ഷം തോറും വഴിപാട് പോലെ സ്വന്തം “മരണ”വാര്‍ത്ത ആദരാഞ്ജലി സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമ്പോള്‍ ജാനകിയമ്മയുടെ ഹൃദയം എത്ര വേദനിക്കുന്നുണ്ടാകും? ജീവിച്ചിരിക്കുന്ന വ്യക്തിയുടെ കഥ കഴിക്കാന്‍ ഇത്രയേറെ വെമ്പല്‍ കൊള്ളുന്ന വികലമനസ്സുകള്‍ അധികമുണ്ടാവുമോ ലോകത്ത്. മാപ്പില്ല ഈ ക്രൂരതയ്ക്ക്. പാട്ടിലൂടെ എത്രയോ മനുഷ്യാത്മാക്കളെ ജീവിതത്തോടുള്ള സ്‌നേഹം വീണ്ടെടുക്കാന്‍ സഹായിച്ച മഹാഗായികയോട് എന്തിനീ നന്ദികേട്?

ഈശ്വരനായി വന്ന ഡ്രൈവര്‍

പിന്നിലേക്ക് ഓടിമറയുന്ന നഗരത്തിന്റെ മങ്ങിയ ചിത്രമേയുള്ളൂ എസ് ജാനകിയുടെ ഓര്‍മ്മയില്‍. പാതിബോധത്തിലായിരുന്നല്ലോ അപ്പോള്‍. ശ്വാസം കിട്ടാതെ, സംസാരിക്കാന്‍ പോലുമാകാതെ വിയര്‍പ്പില്‍ മുങ്ങി പിന്‍സീറ്റില്‍ ചാരിക്കിടക്കുമ്പോള്‍ ഓര്‍ത്തിരുന്നില്ല ഇനിയൊരു തിരിച്ചുവരവുണ്ടാവും ജീവിതത്തിലേക്ക് എന്ന്. ചെന്നൈയിലെ ട്രാഫിക് ബാഹുല്യത്തിനിടയിലൂടെ എങ്ങനെയും കാര്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപെടുകയായിരുന്ന ഡ്രൈവര്‍ ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞു നോക്കി പറഞ്ഞ വാക്കുകള്‍ മാത്രമുണ്ട് ഓര്‍മ്മയില്‍: “അമ്മാ, ഭയപ്പെടാതെ. ഒന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്..” പൂര്‍ണ അബോധാവസ്ഥയിലേക്ക് വഴുതി വീഴും മുന്‍പ് കാതില്‍ പതിഞ്ഞ അവസാന ശബ്ദം.

മാസങ്ങള്‍ക്കു ശേഷം ഒരുച്ചയ്ക്ക് നീലാങ്കരയിലെ ജാനകിയുടെ വീട്ടില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുന്നു. പ്രിയഗായികയെ തൊഴുതുകൊണ്ട് ഭവ്യതയോടെ അയാള്‍ പറഞ്ഞു: “എന്നെ ഓര്‍ക്കുന്നോ? അന്ന് അമ്മയെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഡ്രൈവര്‍ ആണ് ഞാന്‍. അസുഖം മാറി വീട്ടില്‍ തിരിച്ചെത്തി എന്നറിഞ്ഞപ്പോള്‍ ഒന്ന് കാണാന്‍ മോഹം. അതുകൊണ്ടു വന്നതാണ്…” ഈശ്വരന്‍ തന്നെയാണ് ആ നിമിഷം മുന്നില്‍ വന്നു നിന്നതെന്ന് തോന്നിയെന്ന് ജാനകി. ഏതോ ഡോക്ടര്‍ മരുന്ന് മാറി കുത്തിവെച്ചതിന് പിന്നാലെ മരണവുമായി മുഖാമുഖം നില്‍ക്കേണ്ടി വന്ന ആ ദിവസം ദൈവദൂതനെപ്പോലെ തന്റെ മുന്നില്‍ അവതരിച്ച മനുഷ്യനെ ജാനകി എങ്ങനെ മറക്കാന്‍?

എല്ലാം പെനിസിലിന്‍ വരുത്തിവെച്ച വിന. 1990 കളുടെ ഒടുവില്‍ ഒരു നാള്‍ കടുത്ത ശ്വാസതടസ്സവുമായി സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ജാനകി. പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടര്‍ പെനിസിലിന്‍ അടങ്ങിയ മരുന്ന് കുത്തിവെക്കുന്നു. പണ്ടേ പെനിസിലിന്‍ അലര്‍ജിയാണ് ജാനകിക്ക്. ഇത്തിരി അകത്തുചെന്നാല്‍ തളര്‍ച്ച വരെ സംഭവിക്കാമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യമറിയാതെ ഡോക്ടര്‍ നടത്തിയ “പെനിസിലിന്‍ ചികിത്സ”യുടെ തിക്തഫലങ്ങള്‍ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷം. “ശ്വാസം അല്‍പ്പാല്‍പ്പമായി നിലച്ചുപോകും പോലെ. ശരീരമാകെ വിയര്‍പ്പില്‍ മുങ്ങുന്നു. ഡോക്ടറെ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയില്‍ എത്തണമെന്നാണ് കിട്ടിയ നിര്‍ദേശം. എനിക്കാണെങ്കില്‍ ബോധം നഷ്ടപ്പെട്ടു തുടങ്ങി. ഇനിയുള്ള ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്. വീട്ടിലെ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്ന സ്ഥിതിക്ക് ടാക്‌സി പിടിക്കുകയേ വഴിയുള്ളൂ.” ജാനകി.

കിലോമീറ്ററുകള്‍ അകലെയാണ് ആശുപത്രി. നിരത്തിലാണെങ്കില്‍ ശ്വാസം മുട്ടിക്കുന്ന തിരക്കും. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അസാമാന്യ വൈദഗ്ദ്യത്തോടെ ടാക്‌സി ഓടിക്കുന്നു ഡ്രൈവര്‍. അത്രയും സാഹസികമായി അതിനുമുന്‍പ് കാറോടിച്ചിട്ടുണ്ടാവില്ല അയാള്‍. “പത്തു മിനിറ്റിനുള്ളില്‍ ആ മനുഷ്യന്‍ എന്നെ ആശുപത്രിയിലെത്തിച്ചു എന്ന കാര്യം മകന്‍ പറഞ്ഞാണ് പിന്നീട് ഞാനറിഞ്ഞത്. ബോധഹീനയായ എന്നെ അയാള്‍ തന്നെ താങ്ങിപ്പിടിച്ച് ഡോക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു. അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ ആ അബോധാവസ്ഥയില്‍ നിന്ന് ഞാന്‍ ഒരിക്കലും ഉണരുകില്ലായിരുന്നത്രേ …” കുറച്ചു ദിവസങ്ങള്‍ക്കകം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടുമ്പോള്‍ ജീവന്‍ രക്ഷിച്ച ഡ്രൈവറെ വീണ്ടും കാണാന്‍ തോന്നി ജാനകിക്ക്; നന്ദി പറയാന്‍ വേണ്ടി. പക്ഷേ ആര്‍ക്കും അറിയില്ലായിരുന്നു അയാളെ കുറിച്ച്. മാസങ്ങള്‍ കഴിഞ്ഞാണ് തെല്ലും നിനച്ചിരിക്കാതെ ഒരു നാള്‍ അയാളുടെ വരവ്.

മലയാളിയായ ആ ഡ്രൈവര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് ജാനകിയുടെ ഓര്‍മ്മയില്‍: “എന്റെ അമ്മയെ പോലെ തന്നെയാണ് എനിക്ക് ജാനകിയമ്മയും. കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്ന ശബ്ദം. ജീവിതത്തില്‍ തളര്‍ന്നു പോയ ഘട്ടങ്ങളിലെല്ലാം എനിക്ക് തണലായത് അമ്മയുടെ പാട്ടുകളാണ്. അവ എനിക്ക് തരുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ല. അകലെയകലേ നീലാകാശം, തളിരിട്ട കിനാക്കള്‍.. ഒക്കെ എന്റെ ഹൃദയത്തിന്റെ ഭാഗമായ പാട്ടുകള്‍. അമ്മയെ പിന്നിലെ സീറ്റില്‍ കിടത്തി കാറോടിക്കുമ്പോള്‍ ആ പാട്ടുകള്‍ ഒന്നൊന്നായി എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ജീവന്‍ പണയപ്പെടുത്തിയും അമ്മയെ ആശുപത്രിയില്‍ എത്തിക്കും എന്ന് ഉള്ളില്‍ ഉറച്ചു കൊണ്ടാണ് ഞാന്‍ സ്റ്റിയറിംഗ് പിടിച്ചത്. എല്ലാ തടസ്സങ്ങളും മറികടന്ന് കാര്‍ ആശുപത്രിക്ക് മുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തിയപ്പോള്‍ അറിയാതെ കരഞ്ഞുപോയി ഞാന്‍. എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു…”

പതിനായിരക്കണക്കിന് പാട്ടുകള്‍ പാടി; ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളും അടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി; ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആരാധകരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റു വാങ്ങി. ഈ നേട്ടങ്ങള്‍ക്കെല്ലാം അപ്പുറത്ത് നമ്മുടെ ജീവിതം സാര്‍ത്ഥകമായി എന്ന് തോന്നുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. അന്ന് ആ പാവം ഡ്രൈവറുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ അനുഭവിച്ചത് അത്തരമൊരു അനുഭൂതിയാണെന്നു പറയും ജാനകിയമ്മ. “പിന്നീട് ആ മനുഷ്യനെ കണ്ടിട്ടില്ല. പക്ഷേ എന്നും ഞാന്‍ അയാളെ ഓര്‍ക്കും. എന്റെ ജീവന്‍ രക്ഷിക്കുക എന്നത് ഒരു കടമയായി കണ്ട മനുഷ്യന്‍. അതിനു വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ തയ്യാറായ ഒരാള്‍. അത്തരക്കാര്‍ക്കു മുന്‍പില്‍ നമ്മള്‍ ആരുമല്ല എന്ന് തോന്നിയിട്ടുണ്ട്. സ്‌നേഹമാണ് ഏറ്റവും ഉദാത്തമായ സംഗീതം എന്ന് പറയാതെ പറയുകയായിരുന്നു അയാള്‍. അതൊരു മലയാളി ആയിരുന്നു എന്നത് വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷമുള്ള കാര്യം.”രവിമേനോന്‍ (പാട്ടുചെമ്പകം പൂത്തുലയുമ്പോള്‍)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

മണിപ്പൂരില്‍ കൈക്കുഞ്ഞുൾപ്പെടെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ

ഇംഫാൽ: മണിപുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ...

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം:ബോംബെ ഹൈക്കോടതി

മുംബൈ: പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി. കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ്...

ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി; പണം ഉപയോഗിച്ച് റോഡ് നന്നാക്കി ക്ഷേത്ര കമ്മിറ്റി

കാസര്‍ഗോഡ്‌: ഉത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി. ആ പണമുപയോഗിച്ച് റോഡ് നന്നാക്കി കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്ര കമ്മിറ്റി. നഗരമധ്യത്തിലെ രണ്ടു കിലോമീറ്റർ റോഡിലെ 60 ലേറെ കുഴികളാണ് ജെല്ലിയും കരിങ്കൽപ്പൊടിയുമുപയോഗിച്ച് നികത്തിയിത്. ജെല്ലി...

മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

കോയമ്പത്തൂർ: മരണവീട്ടിൽ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. കോയമ്പത്തൂർ നഗരത്തിലെ ഗണപതി ജെ.ആർ.ജി. നഗറിൽ മുരുക സുബ്രഹ്മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.