മൈസുരു: ആറു പതിറ്റാണ്ടിലേറെക്കാലം തന്റെ അസാധാരണമായ സ്വരമാധുര്യം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിക്കുകയും സംഗീത ആസ്വാദകരെ പാട്ടിന്റെ നിര്‍വൃതിയിലാഴ്ത്തുകയും ചെയ്ത പ്രിയ ഗായിക എസ്. ജാനകിക്ക് (ജാനകിയമ്മ) രാജ്യം ഇന്ന് വിട നല്‍കും. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ അപ്പോളോ ബിജിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അവരുടെ അന്ത്യം. ഇന്നലെ ഉച്ചയ്ക്കാണ് അസുഖം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജാനകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത ലോകത്തെ ഈ മഹാ പ്രതിഭയുടെ വേര്‍പാടില്‍ ആദരമര്‍പ്പിച്ചു കൊണ്ട് ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.
പ്രിയ ഗായികയുടെ മരണ വിവരം കൊച്ചുമകള്‍ അപ്‌സര വിദ്യുലയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്‌സര കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
അന്ത്യവിശ്രമം മൈസൂരുവില്‍ തന്നെ വേണമെന്നത് എസ്. ജാനകിയുടെ അന്ത്യാഭിലാഷമായിരുന്നു. ഇതനുസരിച്ച് ഇന്ന് വൈകുന്നേരം 4.30-ന് മൈസൂരുവിലെ കനിയനഹുണ്ടി (കനിയഹുണ്ടി) ഗ്രാമത്തിലുള്ള ഫാം ഹൗസിലാണ് സംസ്‌കാരം നടക്കുക. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
ഗായികയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ഇന്ന് രാവിലെ എട്ടു മണിയോടെ മൈസൂരുവിലെ മഹാരാജാ കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചു. വൈകുന്നേരം നാല് മണി വരെ ഇവിടെ പൊതുദര്‍ശനം തുടരും. തങ്ങളുടെ പ്രിയപ്പെട്ട ജാനകിയമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനാവലിയാണ് മഹാരാജാ കോളേജ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്. ആരാധകരുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്ക് മുന്നില്‍ കണ്ട് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് മൈസൂരു നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പൊതുദര്‍ശനം നടക്കുന്ന ഗ്രൗണ്ടില്‍ വിഐപികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി പ്രത്യേക പവലിയനാണ് തയ്യാറാക്കിയിട്ടുള്ളത്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മഹാരാജാ കോളേജ് ഗ്രൗണ്ടിലേക്കും മൈസൂരു നഗരത്തിലേക്കും പ്രവേശിക്കുന്ന പ്രധാന റോഡുകളില്‍ പോലീസ് കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആന്ധ്രപ്രദേശ് സ്വദേശിയായ എസ്. ജാനകി ഭാവസാന്ദ്രമായ ആലാപനശൈലിയും ശബ്ദത്തിലെ വൈവിധ്യവും കൊണ്ട് ഇന്ത്യന്‍ സംഗീതലോകത്ത് തന്റേതായ ഒരിടം സ്ഥാപിച്ച അപൂര്‍വ്വ പ്രതിഭയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. ഇതിനു പുറമെ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി പുരസ്‌കാരങ്ങള്‍ക്കും അവര്‍ അര്‍ഹയായി. 2013-ല്‍ രാജ്യം പത്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അവര്‍ ആ പുരസ്‌കാരം നിരസിക്കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ അനശ്വര ശബ്ദമായി മാറിയ എസ്. ജാനകിയുടെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.


