InternationalNews

യുക്രെയ്നെതിരെ പോരാടാൻ ആയുധം നൽകാതെ ചതിയ്ക്കുന്നു? പുടിനെതിരെ വാഗ്‌നർ ഗ്രൂപ്പ്

മോസ്കോ: യുക്രെയ്നിൽ യുദ്ധം നടത്തുന്ന റഷ്യയുടെ സ്വകാര്യ സൈന്യമായ ‘വാഗ്നർ’ ആയുധം ലഭിക്കാതെ വലയുന്നതായി വെളിപ്പെടുത്തൽ. യുക്രെയ്ന്റെ കിഴക്കൻ നഗരങ്ങളിലാണു വാഗ്നർ പോരാട്ടം നടത്തുന്നത്. ആയുധങ്ങൾ ലഭിക്കുന്നില്ലെന്നു വാഗ്നർ മേധാവി യെഗുനി പ്രിഗോഷിൻ തന്നെയാണു വെളിപ്പെടുത്തിയത്. ആയുധങ്ങൾ എത്തിക്കാത്തതു ചതിയുടെ ഭാഗമായാണോ എന്നു സംശയിക്കുന്നുവെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു.

വ്ലാഡിമിർ പുട്ടിന്റെ റഷ്യൻ ഭരണകൂടവും വാഗ്നറും തമ്മിൽ പ്രശ്നം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തലുകൾ. യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തിൽ സുപ്രധാന പങ്കുവഹിച്ചതു വാഗ്നറായിരുന്നു. പതിനായിരക്കണക്കിനു സൈനികരാണ് വാഗ്നർ ഗ്രൂപ്പിലുള്ളത്. ഇതിൽ പലരും റഷ്യയിലെ ജയിലുകളിൽനിന്നും നേരിട്ടു സൈന്യത്തിലേക്കു ചേർത്ത കുറ്റവാളികളാണ്.

ബാഖ്മുടിൽ ഏറ്റുമുട്ടൽ നടത്തുന്ന സൈന്യത്തിന് ആയുധം എത്തിക്കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 22ന് ഫയലുകൾ ഒപ്പിട്ടതാണെന്നു യെഗുനി പ്രിഗോഷിൻ പറഞ്ഞു. ‘‘അടുത്ത ദിവസം തന്നെ ആയുധം എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ ആയുധങ്ങൾ ഇതുവരെ അയയ്ക്കാൻ തയാറായിട്ടില്ല. ഇതു ചതിയുടെ ഭാഗമായാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വാഗ്നർ ഗ്രൂപ്പിന്റെ പ്രതിനിധികൾക്കു റഷ്യൻ മിലിട്ടറി കമാൻഡിന്റെ ആസ്ഥാനം കണ്ടെത്താനോ അവിടേക്ക് എത്താനോ സാധിച്ചില്ല. ആയുധങ്ങൾ എത്രയും പെട്ടെന്ന് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സൈനികമേധാവി ജനറൽ വാലെരി ഗെരാസിമോവിനു കത്തയയ്ക്കുകയും ചെയ്തിരുന്നു.

യുക്രെയ്നിൽ റഷ്യ പരാജയപ്പെടുകയാണെങ്കിൽ വാഗ്നർ അംഗങ്ങളെ ബലിയാടുകളാക്കാനാണു നീക്കം. ഞങ്ങൾ പിന്നോട്ടു പോയാൽ യുദ്ധത്തിൽ പരാജയപ്പെടാൻ പ്രധാനകാരണം ഞങ്ങളാണെന്നു ചരിത്രം രേഖപ്പെടുത്തും. ആയുധം ലഭിക്കാത്തതിലൂടെ വ്യക്തമാകുന്നത് ഇക്കാര്യമാണ്. ഇതു എന്റെ അഭിപ്രായമല്ല സാധാരണ പോരാളിയുടെ അഭിപ്രായമാണ്. ഞങ്ങൾ തെമ്മാടികളാണെന്നും അതുകൊണ്ടാണ് ആയുധങ്ങൾ നൽകാത്തതെന്നും കൂടുതൽ ആളുകളെ സൈന്യത്തിൽ ചേർക്കാൻ അനുവദിക്കാത്തതെന്നും വരുത്തിത്തീർക്കുകയാണ്. എന്റെ സൈന്യമില്ലെങ്കിൽ യുദ്ധത്തിൽ റഷ്യയുടെ മുൻനിര തകരും. ബാഖ്മുടിൽ ആവശ്യമായ ആയുധങ്ങൾ ലഭിച്ചില്ലെങ്കിൽ സൈന്യം പൂർണമായും തകരും. വാഗ്നർ സൈന്യം യുദ്ധത്തിൽ മുന്നേറുമ്പോൾ റഷ്യൻ സൈന്യം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനറൽ സ്റ്റാഫ് വാലേരി ഗെരസിമോവ് ആയുധങ്ങൾ നൽകാതെ പിടിച്ചുവയ്ക്കുകയാണെന്നു പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിനോടു പരാതി നൽകിയിരുന്നു’’ – പ്രിഗോഷിൻ കൂട്ടിച്ചേർത്തു.

യുക്രെയ്നിലെ ഡോണെറ്റ്സ്ക് മേഖലയിലെ ബാഖ്മുട് പട്ടണം പിടിക്കാൻ ആക്രമണം ശക്തമാക്കിയെന്ന് റഷ്യ അറിയിച്ചതിനു പിന്നാലെയാണു വാഗ്നർ മേധാവിയുടെ വെളിപ്പെടുത്തൽ. വ്യോമസേനയുടെ സഹായത്തോടെ റഷ്യൻ സേനയും വാഗ്നർ ഗ്രൂപ്പ് പോരാളികളും ഒരുമിച്ചു ശക്തമായ മുന്നേറ്റം നടത്തിയെന്നും റഷ്യ അവകാശപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button