കീവ്: യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യന്‍ സൈന്യം കൊടും ക്രൂരത നടത്തിയതായി യുക്രെയ്ന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും പോലും റഷ്യന്‍ സൈന്യം വെറുതെ വിട്ടിരുന്നില്ല. പലയിടത്തും ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റെസ്‌നിക്കോവ് പറഞ്ഞു.
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഹൈവേയില്‍ ഫോട്ടോഗ്രാഫര്‍ മിഖായേല്‍ പാലിന്‍ചക് പകര്‍ത്തിയ ഒരു ചിത്രമാണ് യുദ്ധത്തിന്റെ ഈ ഭീകര മുഖത്തെക്കുറിച്ച് ലോകത്തിന് വെളിപ്പെടുത്തിയത്. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ പുതപ്പിനടിയില്‍ കൂട്ടിയിട്ട നിലയിലുള്ള ചിത്രമാണ് പുറത്തുവന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യുക്രെയ്‌നിലെ പ്രോസിക്യൂട്ടര്‍ ജനറലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാനമായ കീവിനു വടക്കുപടിഞ്ഞാറ് ബുച്ചാ പട്ടണത്തിലെ തെരുവുകളില്‍ 20 സിവിലിയന്മാരുടെ മൃതദേഹങ്ങളും മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്.
280 പേരെ കൂട്ടക്കുഴിമാടത്തില്‍ അടക്കം ചെയ്തിട്ടുണ്ടെന്നു ബുച്ചായിലെ മേയര്‍ അനത്തോളി ഫെഡറൂക്ക് അറിയിച്ചു. റഷ്യന്‍ പട്ടാളം പിന്‍വാങ്ങിയതോടെ കീവിനു ചുറ്റുമുള്ള മുഴുവന്‍ പ്രദേശങ്ങളും യുക്രെയ്ന്‍ സേനയുടെ നിയന്ത്രണത്തിലായി. ബുച്ചായിലും ഇര്‍പിനിലും കണ്ടെത്തിയ ഒട്ടനവധി തകര്‍ന്ന ടാങ്കുകളും കവചിത വാഹനങ്ങളും റഷ്യന്‍ സേന നേരിട്ട തിരിച്ചടിയുടെ ആഘാതം വ്യക്തമാക്കി.