ഹൈദരാബാദ് : റഷ്യയുടെ കൊറോണ വാക്‌സിൻ സ്പുട്‌നിക് V ഇന്ത്യൻ മാർക്കറ്റുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. എമർജെൻസി യൂസ് ഓതറൈസേഷൻ മോഡിലാണ് വാക്‌സിൻ അവതരിപ്പിക്കുക. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. ഫെബ്രുവരിയോടെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം അടിയന്തര ഉപയോഗ അനുമതിയ്ക്കായി ഡിസിജിഐയ്ക്ക് അപേക്ഷ നൽകുമെന്ന് ഡോ റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ ദീപക് സപ്ര വ്യക്തമാക്കി.
ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകുന്നത് അനുസരിച്ച് മാർച്ച് മാസത്തോടെ അടിയന്തര ഉപയോഗത്തിനായി വാക്‌സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയ്ക്ക് സ്പുട്‌നിക് വാക്‌സിൻ ഡോസുകൾ ലഭ്യമല്ല. പ്രാരംഭ ഘട്ടത്തിൽ റഷ്യയിൽ നിന്നായിരിക്കും വാക്‌സിൻ ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്നത്.