പ്രോട്ടക്കോൾ മാറ്റിവെച്ച് സ്വീകരണം, പുതിന് ഭഗവത് ഗീതയുടെ റഷ്യന്‍ പരിഭാഷ സമ്മാനിച്ച് മോദി;ഉച്ചകോടി ഇന്ന്

പുതിന് ഭഗവത് ഗീതയുടെ റഷ്യന്‍ പരിഭാഷ സമ്മാനിച്ച് മോദി; ഉച്ചകോടി ഇന്ന്

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ഇന്ത്യാസന്ദർശനം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.35-ന് ഡൽഹി വ്യോമസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടക്കോൾ മാറ്റിവെച്ച് സ്വീകരിച്ചു. തുടർന്ന് ഒരേകാറിലാണ് ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അത്താഴവിരുന്നിനെത്തിയത്. പിന്നീടുനടന്ന കൂടിക്കാഴ്‌ചയിൽ ഭഗവത്‌ ഗീതയുടെ റഷ്യൻ പരിഭാഷ മോദി പുതിന്‌ സമ്മാനിച്ചു.

അമേരിക്കൻ തീരുവവിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾക്ക് വെള്ളിയാഴ്ച ഡൽഹി സാക്ഷ്യംവഹിക്കും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പുതിൻ പങ്കെടുക്കും. ഉഭയകക്ഷി വാണിജ്യം, വ്യാപാരം എന്നീ രംഗങ്ങളിൽ നിർണായകമായേക്കാവുന്ന തീരുമാനങ്ങളുണ്ടാകും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരേ ട്രംപ് ഭരണകൂടം ഇന്ത്യക്കുനേരേ കടുത്ത വിമർശനമുയർത്തുകയും വൻതീരുവ ചുമത്തുകയും ചെയ്തതിനിടയിലാണ് പുതിന്റെ സന്ദർശനം.

വെള്ളിയാഴ്ച രാവിലെ 11-ന് രാഷ്ട്രപതിഭവനിൽ സ്വീകരണം. 11.30-ന് രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിക്കും. 11.50-ന്‌ ഉച്ചകോടി. പ്രതിരോധം, വാണിജ്യം, വ്യാപാരം, ഊർജം എന്നീ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും. 1.50-ന് സംയുക്തപ്രസ്താവന. 3.40-ന് ഫിക്കി ഭാരതമണ്ഡപത്തിൽ വാണിജ്യസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ഏഴിന് രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴവിരുന്ന് നൽകും. രാത്രി ഒൻപതിന് സംഘം മടങ്ങും.

റഷ്യയിൽ നിന്നുള്ള 50 ഓളം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്. പുതിൻ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ സംഘം ഇതിനകം സുരക്ഷ ഉറപ്പാക്കി. ഓരോ നീക്കവും ഒന്നിലധികം സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News