തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്. നടുക്കുന്ന വിവരങ്ങളാണ് മൊഴിയിലുള്ളത്. ഭര്‍ത്താവുമായി അകന്ന സമയത്താണ് രാഹുലുമായി പരിചയപ്പെട്ടതെന്നും ഗര്‍ഭിണിയായിരുന്ന സമയത്തും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നും യുവതി പറയുന്നു. തെറ്റുകള്‍ മറന്ന് രാഹുല്‍ തന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും യുവതി പറഞ്ഞതായി കോടതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി 22 പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന പ്രവര്‍ത്തിയെ ‘ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം’ എന്ന് ലഘൂകരിച്ച് കാണാനാവില്ല എന്നാണ് ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ജഡ്ജി എസ്. നസീറ വ്യക്തമാക്കിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, ഗുരുതരമായ കുറ്റകൃത്യം പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ കോടതി വ്യക്തമാക്കുന്നത്. ആത്മഹത്യാഭീഷണി മുഴക്കിയാണ് രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചതെന്ന കാര്യത്തിനടക്കമുള്ള തെളിവുകള്‍ കോടതി എടുത്തുകാണിച്ചിട്ടുണ്ട്.
ആദ്യത്തെ ശാരീരിക ബന്ധത്തിന് പിന്നാലെ തുടര്‍ച്ചയായി നടന്ന ശാരീരികബന്ധങ്ങളെല്ലാം ഭീഷണിപ്പെടുത്തിയാണ് നടത്തിയതെന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് ഉണ്ടായിരുന്നതെന്നും, യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്നുമുള്ള രാഹുലിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
എംഎല്‍എയാണ് എന്ന സ്വാധീനം ഉപയോഗിച്ച് രാഹുല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു. യുവതി പോലീസിന് നല്‍കിയ മൊഴിയും രഹസ്യമൊഴിയും പരിഗണിച്ച കോടതി അതിന്റെ ചില വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ, രാഹുലിനും യുവതിക്കും ഇടയില്‍ എന്താണ് ശരിക്കും സംഭവിച്ചത് എന്ന കാര്യവും പരാമര്‍ശിക്കുന്നുണ്ട്.
യുവതിയുടെ മൊഴിപ്രകാരം; വിവാഹജീവിതം തകര്‍ന്ന ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുവതി പരിചയപ്പെടുന്നത്. വൈവാഹിക ജീവിതത്തില്‍ സംഭവിച്ച തകര്‍ച്ചയില്‍ ആശ്വാസവാക്കുകളുമായാണ് രാഹുല്‍ യുവതിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത്. തന്നോടൊപ്പം ഒരു കുഞ്ഞുണ്ടായാല്‍ യുവതിയെ ജീവിതകാലം മുഴുവന്‍ കൂടെക്കൂട്ടാം എന്നാണ് രാഹുല്‍ വാഗ്ദാനം നല്‍കിയത്.
രാഹുലിന്റെ ഈ വാക്കുകള്‍ വിശ്വസിച്ചാണ് ശാരീരികബന്ധത്തിന് മുതിര്‍ന്നത്. ഒരാഴ്ചമാത്രമാണ് രാഹുലുമായുള്ള അടുപ്പം ഉണ്ടായിരുന്നതെന്നും യുവതി പറയുന്നു. എന്നാല്‍ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീട് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതെന്നും ബലാത്സംഗം ചെയ്തതെന്നും യുവതി മൊഴിയില്‍ പറയുന്നു.
താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷവും രാഹുല്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നും അതുവരെയുള്ള നിലപാട് മാറ്റി ഗര്‍ഭച്ഛിദ്രം നടത്തണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. എതിര്‍ത്തപ്പോള്‍, ആത്മഹത്യചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് രാഹുല്‍ തന്നെ ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി മരുന്ന് കഴിപ്പിച്ചത് എന്നും യുവതി പറയുന്നു.
ഈ മരുന്ന് കഴിച്ചതോടെ യുവതിക്ക് ശാരീരികപ്രശ്നങ്ങള്‍ ഉണ്ടാവുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ കാണുകയും ചെയ്തു. ഡോക്ടറുടെ അനുമതിയില്ലാതെ ഈ മരുന്ന് കഴിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍ യുവതിയോടെ പറഞ്ഞു. ഇതും കോടതി ഗൗരവമായെടുത്തിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിന് കൈമാറിയിരുന്നുവെന്നും എന്നാല്‍ തന്റെ അറിവോടെയല്ല അവരത് പുറത്തുവിട്ടതെന്നും യുവതി പറയുന്നു. പരാതി നല്‍കണമെന്ന് വിചാരിച്ചിരുന്നുവെന്നും എന്നാല്‍ തെറ്റുകള്‍ മറന്ന് രാഹുല്‍ തന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ആനന്ദകരമായ ഒരു ജീവിതം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറയുന്നു.
എന്നാല്‍ തന്നെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരികയും തന്റെ ബന്ധുക്കളടക്കം ആത്മഹത്യാ മുനമ്പിലേക്ക് പോവുകയും ചെയ്ത സാഹചര്യത്തിലാണ് താന്‍ ഗത്യന്തരമില്ലാതെ പരാതി നല്‍കാന്‍ തയ്യാറായതെന്നാണ് യുവതി പറയുന്നത്. അതേസമയം, രണ്ടാമത്തെ പരാതിക്കാരി എസ്ഐടിക്ക് മൊഴി നല്‍കുമെന്ന് അറിയിച്ചതായ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയുമായി എസ്ഐടി ആശയവിനിമയം നടത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് ഇതുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ തയ്യാറാക്കുകയും കേസിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തത്.


