25.2 C
Kottayam
Tuesday, May 21, 2024

യുക്രൈൻ സംഘർഷം: ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ തയ്യാറാക്കി റഷ്യ

Must read

ഡൽഹി: യുക്രൈനിൽ കുടുങ്ങിയ  വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാർത്താ ഏജന്‍സി. കാര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്നാണ് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ ഒരാഴ്ചയിലേറെയായി യുക്രൈന്റെ കിഴക്കൻ നഗരങ്ങളായ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഇടങ്ങളില്‍  മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ തിരികെയെത്തിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. റഷ്യയുടെ സഹായത്തോടെ ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. 

കിഴക്കന്‍ യുക്രൈനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും ഉന്നതതല യോഗം വിളിച്ചു ചേർത്തു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിന് സജ്ജമാകാന്‍ വ്യോമസനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാലുടൻ വിമാനങ്ങള്‍ പുറപ്പെടും. 

രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. സംഘര്‍ഷം അവസാനിക്കാതെ രക്ഷാ ദൗത്യം സുഗമമാകില്ലെന്നാണ്  വിദേശകാര്യമന്ത്രാലയ വക്താവ് അറിയിക്കുന്നത്. കിഴക്കന്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം കൈമലര്‍ത്തിയ വിദേശ കാര്യമന്ത്രാലയം ഇന്ന് അവതരിപ്പിച്ച കണക്കുകൾ പ്രകാരം പിസോച്ചിനില്‍ ആയിരം പേരും കാര്‍ഖീവില്‍ മുന്നൂറു പേരും സുമിയില്‍ എഴുനൂറിലേറെ പേരും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ അതിര്‍ത്തിയിലെത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പ്രത്യേക ട്രെയിനുകള്‍ ഓടിക്കണമെന്നും യുക്രൈനോട് ഇന്ത്യ അഭ്യർത്ഥിച്ചു. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരും. സംഘര്‍ഷാവസ്ഥയാണ് തിരിച്ചടിയാകുന്നത്. വെടിനിര്‍ത്തലിനായി റഷ്യയോടും യുക്രൈനോടും അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week