കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് വേതനം കൂട്ടി; ദിവസക്കൂലി ഇനി 311 രൂപ

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികള്‍ക്ക് 20 രൂപയാണ് കൂലി വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി.

കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് ആകെ തുകയില്‍ മെച്ചപ്പെട്ട വര്‍ധനവ് ഉണ്ടായത്.

നേരത്തെ ഹരിയാനയില്‍ മാത്രമാണ് 300 രൂപയ്ക്ക് മുകളില്‍ കൂലിയുണ്ടായിരുന്നത്. നിലവില്‍ 331 രൂപയാണ് ഹരിയാനയിലെ പുതുക്കിയ നിരക്ക്. മധ്യപ്രദേശിലും ഛത്തീസ്ഖഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി. ബിഹാറില്‍ 210 രൂപയാണ് ലഭിക്കുന്നത്. അതേസമയം, മണിപ്പൂര്‍ ,തൃപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News