KeralaNews

കർണാടകത്തിലേക്ക് കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം, നിയന്ത്രണം കർശനമാക്കി കർണാടക

ബെം​ഗളൂരു:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് മുതൽ കേരള അതിർത്തികളിൽ കർണാടകം പരിശോധന ശക്തമാക്കും. ഇതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കർണാടകത്തിൽ പോയി വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ 15 ദിവസത്തിൽ ഒരിക്കൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കർണാടക വ്യക്തമാക്കുന്നു. അതിനിടെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേയ്ക്കുള്ള ബസ് സർവീസ് നിർത്തി വച്ചു. സർക്കാർ, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.

അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ക‌ർണ്ണാടക സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം കേരളത്തില്‍ തുടരുന്നു.ഇന്ന് പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പര്യടനം നടത്തും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസവും 20,000 കടന്നു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്.രണ്ട് മേഖലകളിലായി മൂന്ന് ജില്ലകളിലെ കൊവിഡ് സാഹചര്യം കേന്ദ്രസംഘം ഇതിനോടകം വിലയിരുത്തി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിര്‍ദേശം.

സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി.ഇന്ന് ഡോ.സുജിത് സിംഗിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലും സന്ദര്‍ശനം നടത്തും.

നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാകും കേന്ദ്രസംഘം മടങ്ങുക.സംസ്ഥാനത്ത് നിലവില്‍ കൊവിഡ് സാഹചര്യം ആശങ്കാജനകമായി തുടരുകയാണ്.
ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ.12.31 ആണ് ടെസ്റ്റ് പോസിറ്റിവിററി നിരക്ക്.അഞ്ച് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു.അതേസമയം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button