KeralaNews

കേരളം ആറിൽ ഒരു കൊവിഡ് രോ​ഗിയെ വീതം കേരളം കണ്ടെത്തുമ്പോള്‍ ബിഹാര്‍ 134 രോ​ഗികളില്‍ ഒരാളെയും യുപി 100ൽ ഒരു രോ​ഗിയെയുമാണ് കണ്ടെത്തുന്നത്, റിപ്പോർട്ടുകൾ പുറത്ത്

ന്യൂഡൽഹി:കോവിഡ്‌ ബാധിതരെ കണ്ടെത്തുന്നതില്‍ കേരളം ബഹുദൂരം മുന്നിലെന്ന്‌ പഠനം.ആറിൽ ഒരു രോ​ഗിയെ വീതം കേരളം കണ്ടെത്തുമ്പോള്‍ ബിഹാര്‍ 134 രോ​ഗികളില്‍ ഒരാളെയും യുപി 100ൽ ഒരു രോ​ഗിയെയുമാണ് കണ്ടെത്തുന്നത്. ഐസിഎംആറിന്റെ നാലാം സിറൊ സർവേ അടിസ്ഥാനമാക്കി പ്രമുഖ ഹെൽത്ത്‌ ഇക്കണോമിസ്റ്റ്‌ റിജോ ജോണ്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം.

സര്‍വേ വിവരങ്ങള്‍ അപ​ഗ്രഥിച്ച് റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്ന രോ​ഗികളുടെ എണ്ണം (അണ്ടർ കൗണ്ടിങ്‌ ഫാക്ടർ) ആണ് കണക്കാക്കിയത്. ഒരു രോ​ഗിയെ കണ്ടെത്തുമ്പോള്‍ എത്ര രോഗികൾ ഒഴിവാക്കപ്പെടുന്നുവെന്ന കണക്കുകൂട്ടലാണ്‌ അണ്ടർ കൗണ്ടിങ്‌ ഫാക്ടർ. പഠനനിരീക്ഷണങ്ങള്‍ സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചു.

ബിഹാറിൽ മെയ്‌ 31നകം ഒമ്പതു കോടിയിലേറെ രോ​ഗികളെ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. എന്നാൽ, കണക്കില്‍ ഒമ്പതു ലക്ഷം മാത്രം. 16.8 കോടി രോ​ഗികള്‍ ഉണ്ടാകേണ്ട യുപിയില്‍ കണക്കില്‍ 17 ലക്ഷം രോ​ഗികള്‍. രാജ്യത്ത്‌ അണ്ടർ കൗണ്ടിങ്‌ ഫാക്ടർ 33 ആണ്‌. മെയ്‌ 31നുള്ളിൽ 92.65 കോടി രോ​ഗികള്‍ ഉണ്ടാകേണ്ടതാണ്, എന്നാല്‍ അന്നേവരെ റിപ്പോര്‍ട്ട് ചെയ്‌തത് 2.82 കോടി രോ​ഗികള്‍ മാത്രം. ലക്ഷക്കണക്കിനു രോ​ഗികള്‍ കണക്കിൽപ്പെടാതെ പോയെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

കോവിഡ്‌ ബാധിച്ചവർ കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ 34 ശതമാനം കുറവാണെന്ന്‌ ഐസിഎംആറിന്റെ സിറോപ്രവലൻസ്‌ പഠനം നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രോഗം വന്നവർ 42. 7 ശതമാനം മാത്രമാണ്‌. ദേശീയ ശരാശരി 67. 6 ശതമാനം.

രോഗ നിരക്ക് കുത്തനെ ഉയരുമ്പോഴും
കേരളത്തിന്റെ പ്രതിരോധനടപടി ഫലം കണ്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഐസിഎംആറിന്റെ കണ്ടെത്തൽ. സമ്പർക്ക വിലക്ക്‌ നടപ്പാക്കിയ രീതി, സമ്പർക്കമുണ്ടായവരെ കണ്ടെത്തൽ, ടെസ്‌റ്റുകളിലുടെ രോഗികളെ കണ്ടെത്തി ഏകാന്തപരിചരണത്തിലാക്കൽ, ക്ലസ്‌റ്ററുകൾ തുടക്കത്തിലേ കണ്ടെത്തിയുള്ള പ്രതിരോധനടപടി, ‘ബ്രെയ്‌ക്ക്‌ ദ ചെയിൻ ’ പദ്ധതി തുടങ്ങിയവ റിപ്പോർട്ടിൽ പ്രകീർത്തിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker