ശബരിമല:ഡിസംബർ 26 ന് ശേഷം (മകരവിളക്ക് ഉത്സവ കാലത്ത് )ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് – 19 ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി.48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ശബരിമല ദർശനത്തിനായി എത്തുമ്പോൾ അയ്യപ്പഭക്തർ കൈയ്യിൽ കരുതേണ്ടത്.
ഡിസംബർ 31 മുതൽ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം.ആർ ടി.പി ആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന ഭക്തർക്ക് മല കയറാൻ അനുമതി ലഭിക്കുകയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊവിഡ്- 19 പശ്ചാത്തലത്തിൽ പോലും ദേവസ്വം ബോർഡിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീർത്ഥാടന സമയത്ത് സർക്കാർ 20 കോടി രൂപ ദേവസ്വം ബോർഡിന് നൽകിയെന്നും പ്രസിഡൻ്റ് പറഞ്ഞു.തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 20 കോടി ഉൾപ്പെടെ സംസ്ഥാന സർക്കാർ കഴിഞ്ഞ ആറുമാസത്തിനിടെ 50 കോടി രൂപയാണ് ദേവസ്വം ബോർഡിന് കൈമാറിയത്. ഇതിൽ സർക്കാരിനോടും മുഖ്യമന്ത്രിയോടും ദേവസ്വം മന്ത്രിയോടും ധനമന്ത്രിയോടും ദേവസ്വം ബോർഡിനുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.