ന്യൂഡല്‍ഹി: കോവിഡ് ആശങ്ക ഉയര്‍ന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന. കൊറോണ വൈറസ് വ്യാപനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്.
നേരത്തെ ഈ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്ക് മാത്രമേ ആര്‍ടിപിസിആര്‍ ബാധകമായിരുന്നുള്ളു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഭീഷണിയുള്ള രാജ്യങ്ങള്‍ വഴി(transit) വിമാന യാത്ര നടത്തുന്നവരും തങ്ങളുടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്തിരിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടാണ് അപ് ലോഡ് ചെയ്യേണ്ടത്.
അതേസമയം മുന്‍കാലങ്ങളിലെ വ്യാപനരീതി വെച്ച് നോക്കുമ്പോള്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ജനുവരിയില്‍ കോവിഡ് കേസുകള്‍ ഉയരാനുള്ള സാധ്യതയുണ്ട്.
ചൈനയിൽ സ്ഥിതി അതീവ ഗുരുതരം. കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഷാങ്‌സി, ഹെബെയ്, ഹുനാൻ, ജിയാങ്‌സു എന്നിവയുൾപ്പെടെ ചൈനീസ് പ്രവിശ്യകളിലെ ആശുപത്രികൾ പുതുവത്സര അവധികളില്ലാതെ പ്രവർത്തിക്കുന്നു. ജീവനക്കാരോട് അവധികൾ റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓരോ പ്രവിശ്യയിലും പകർച്ചവ്യാധികൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമായ മൂന്ന് ആശുപത്രികൾ തിരഞ്ഞെടുക്കാനാണ് പദ്ധതി. ഓരോ ആശുപത്രിയും സാമ്പിളുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമൊക്കെ ചെയ്യും. ശേഷം ഓരോ ആഴ്ചയും ഇത് ദേശീയ ഡാറ്റാബേസിലേക്ക് അപ്‌ഡേറ്റ് ചെയ്യും.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയിൽ ഒരു കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 5,250 ആയി ഉയർന്നെന്നാണ് ചൈനീസ് സർക്കാർ പറയുന്നത്. ചൈനയിൽ പ്രതിദിനം 9,000 പേർ മരിക്കുന്നുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു ഹെൽത്ത് ഡാറ്റാ സ്ഥാപനം പ്രവചിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ക്വാറന്റൈൻ പോലുള്ള കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ ചൈനീസ് സർക്കാൻ പിൻവലിച്ചത്. ഇതിനുപിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ചൈനയിൽ നിന്നുള്ളവർക്ക് നിർബന്ധിത കൊവിഡ് ടെസ്റ്റ് അടക്കമുള്ള യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.