ന്യൂഡല്‍ഹി: 2025ല്‍ ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ ഓരോ വീട്ടിലും ഓരോ പ്രവര്‍ത്തകന്‍ ഉണ്ടാകണമെന്നതാണ് ലക്ഷ്യമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. നാല് വര്‍ഷത്തിനുള്ളില്‍ സ്വയംസേവകര്‍ എല്ലാ ഗ്രാമങ്ങളിലും ശാഖകള്‍ വിപുലീകരിച്ച് ഓരോ വീടുകളിലും പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ സംഘടനയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ധന്‍ബാദിലെത്തിയ അദ്ദേഹം ജാര്‍ഖണ്ഡിലെയും ബീഹാറിലെയും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവിതം രാഷ്ട്രനിര്‍മ്മാണത്തിനായി അര്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്തെ നൂറ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ എല്ലാ ജനങ്ങളെയും ഹിന്ദുക്കളായാണ് കാണുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
അതേസമയം ലൗ ജിഹാദിനെതിരെ മുന്നറിയിപ്പുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത് വന്നിരിന്നു. ഹിന്ദു പെണ്‍കുട്ടികളെ ”കെണി’യില്‍ പെടുത്തി വിവാഹം കഴിക്കുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് രൂപാണി പറഞ്ഞു. ഗോവധത്തിനെതിരെയും ബിജെപി സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്നുകാലി വളര്‍ത്ത് ഉപജീവനമാര്‍ഗമായ മല്‍ധാരി വിഭാഗത്തിന്റെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമത്തിലെ ചില വകുപ്പില്‍ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു.