കൊച്ചി: മുസ്ലിലീഗിന് തീവ്രവാദ നിലപാടില്ലെന്ന് ആർഎസ്എസ് നേതാവ് പി എൻ ഈശ്വരൻ. വർഗീയ നിലപാടുണ്ടെങ്കിലും ജനാധിപത്യ പാർട്ടിയായിട്ടാണ് ലീഗിനെ കാണുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അംഗീകരിക്കുന്നു. മലപ്പുറത്ത് വെച്ച് ലീഗിന്റെ സിറ്റിങ് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയെന്നും പി എൻ ഈശ്വരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഡൽഹിയിൽ വെച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ചർച്ചക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയുമുണ്ടായിരുന്നുവെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ തീവ്ര നിലപാടിൽ മാറ്റമുണ്ടായാൽ മാത്രമെ അവരുമായി ആർഎസ്എസ് ചർച്ച നടത്തുകയൊളളുവെന്നും പി എൻ ഈശ്വരൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ ക്രിസ്ത്യൻ സഭാ നേതൃത്വവുമായി ചർച്ച തുടരും. ക്രൈസ്തവ സമൂഹത്തിന് ഞങ്ങളെ ഭയമില്ലെന്നും പി എൻ ഈശ്വരൻ പറഞ്ഞു. സംസ്ഥാനത്തെ ശാഖ പ്രവർത്തനം അടുത്ത വർഷത്തോടെ എണ്ണായിരം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ആർഎസ്എസ് നേതാവ് വ്യക്തമാക്കി. ആർഎസ്എസ് സംസ്ഥാന നേതാവ് അഡ്വ. കെ കെ ബൽറാമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.