ബ്രേക്ക്ഫാസ്റ്റ് വൈകി; ജീവനക്കാരനെ കടിച്ച് കൊന്ന് റോട്ട് വീലര്‍ നായകള്‍
കഡലൂര്‍: ബ്രേക്ക്ഫാസ്റ്റ് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് റോട്ട് വീലര്‍ നായകള്‍ ഫാം ഹൗസിലെ ജീവനക്കാരനെ കടിച്ച് കൊന്നു. തമിഴ്നാട്ടിലെ കഡല്ലൂര്‍ ജില്ലയിലെ ചിദംബരത്താണ് സംഭവം. കെ ജീവാനന്ദം (58) എന്ന ജോലിക്കാരനാണ് നായകളുടെ ആക്രമണത്തില്‍ മരിച്ചത്. എല്ലാ ദിവസവും രാവിലെ തന്നെ ജീവാനന്ദം നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ്. എന്നാല്‍, അന്ന് ജോലിത്തിരക്ക് മൂലം വൈകിപ്പോയി. പിന്നീട് ഇദ്ദേഹം ഭക്ഷണവുമായി എത്തിയപ്പോള്‍ നായകള്‍ കടിച്ചു കീറുകയായിരുന്നു.
2013 മുതല്‍ പുതുബൂലമേടുള്ള പത്ത് ഏക്കറോളം വരുന്ന ഫാമില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. കോണ്‍ഗ്രസ് നേതാവായ എന്‍ വിജയസുന്ദരത്തന്റേതാണ് ഈ ഭൂമി. മൂന്നു വര്‍ഷം മുമ്പാണ് വിജയസുന്ദരം രണ്ട് റോട്ട് വീലറുകളെ വാങ്ങിയത്. ഫാം ഹൗസിന് കാവല്‍ക്കാരായും വിളകളുടെ സുരക്ഷിതത്തിന് ജീവാനന്ദത്തിനെ സഹായിക്കുന്നതിനും വേണ്ടി ആയിരുന്നു റോട്ട് വീലറുകളെ ഫാം ഹൗസിലേക്ക് വാങ്ങിയത്.
രാവിലെ ഫാമില്‍ എത്തിയാല്‍ ഉടന്‍ തന്നെ ജീവാനന്ദം പട്ടികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. എന്നാല്‍, ചൊവ്വാഴ്ച വൈകുന്നേരമാണ് ജീവാനന്ദം പട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയത്. ഇതില്‍ കുപിതരായ പട്ടികള്‍ ജീവാനന്ദത്തെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ഉടന്‍ തന്നെ ജീവാനന്ദം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പട്ടികള്‍ പിറകെയെത്തി ആക്രമിക്കുകയായിരുന്നു. തലഭാഗത്താണ് ആക്രമണം നടത്തിയത്. ചെവിയും മുഖത്തിന്റെ ഒരു ഭാഗവും കടിച്ചു കീറി.
അപ്രതീക്ഷിതമായ സമയത്ത് കോപാകുലരാകുന്ന ഇനം പട്ടികള്‍ ആയതിനാല്‍ പല രാജ്യങ്ങളും ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റൊമാനിയ, ഉക്രെയ്ന്‍, റഷ്യ, ഇസ്രയേല്‍, യുഎസ്എയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ റോട്ട് വീലറിനെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം പട്ടികള്‍ക്ക് ഇതുവരെ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.