താരജോഡികള്‍ വേര്‍പിരിഞ്ഞു; റോഷ്‌ന ആന്‍ റോയിയും കിച്ചു ടെല്ലാസും വിവാഹ മോചിതരായി

കൊച്ചി: നടി റോഷ്‌ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹ മോചിതരായി. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വേര്‍പിരിയല്‍. റോഷ്‌ന തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ”ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വര്‍ഷങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാന്‍ തീരുമാനിച്ചു.

മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ ആരംഭിക്കുന്നു” റോഷ്‌നയുടെ വാക്കുകള്‍. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, ‘സുല്‍’, ‘ധമാക്ക’ എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍. ‘അങ്കമാലി ഡയറീസ്’, ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കിച്ചു. ‘പോത്ത് വര്‍ക്കി’ എന്ന കഥാപാത്രമായാണ് താരം ‘അങ്കമാലി ഡയറീസി’ല്‍ എത്തിയത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്തുമായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. പക്ഷേ, ഇതു വെളിപ്പെടുത്താന്‍ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങള്‍ രണ്ടു പേരും ജീവനോടെ ഉണ്ട്, രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങള്‍ക്ക് ജീവിതം തുടരേണ്ടതുണ്ട്. ശരിയാണ്, എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാന്‍ വഴി മാറിയത്.

നിങ്ങള്‍ ആഗ്രഹിക്കുന്ന ഇടം നല്‍കുകയും ചെയ്തു. ഞാന്‍ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവര്‍ക്കും ഞാന്‍ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തു വന്നു പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലര്‍ക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.-റോഷ്‌ന പറഞ്ഞു.

പല കാര്യങ്ങള്‍ കൊണ്ടും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു. ഇപ്പോള്‍ വഴിപിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി. ഇക്കാര്യം മറച്ചു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരോടും ഒരു അപക്ഷയുണ്ട്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും വേര്‍പിരിഞ്ഞ് സമാധാനമായി ജീവിക്കാനും അനുവദിക്കണം-നടി പ്രതികരിച്ചത് ഇങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News