മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിയോടെ രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ത്രിശങ്കുവിലെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത്തിനെ മാറ്റിയേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് മുപ്പത്തിയഞ്ചുകാരനായ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി സംബന്ധിച്ച് സെലക്‌ടര്‍മാര്‍ തീരുമാനമെടുത്തേക്കും.
‘2025ലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ അടുത്ത സീസണ്‍ അവസാനിക്കുക. അപ്പോഴേക്കും രോഹിത് ശര്‍മ്മയ്‌ക്ക് മുപ്പത്തിയെട്ടിന് അടുത്താകും പ്രായം. അതിനാല്‍ വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ട് വര്‍ഷ കാലയളവില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് പൂര്‍ണമായും രോഹിത് ശര്‍മ്മയുണ്ടാകുമോ എന്ന് പറയാനാവില്ല.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം രോഹിത്തിന്‍റെ ഫോമിനെ കുറിച്ച് ചീഫ് സെലക്‌ടര്‍ ശിവ് സുന്ദര്‍ ദാസും സഹപ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഡിസംബര്‍ വരെ ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരകളില്ല.
ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് പിന്നീട് വരുന്നത്. അതിനാല്‍ ക്യാപ്റ്റന്‍സി കാര്യത്തില്‍ സെലക്‌ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാനുള്ള സമയമുണ്ട്’ എന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ കേന്ദ്രങ്ങള്‍ പിടിഐയോട് പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെ ഓസീസിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ ടീം സെലക്ഷന്‍ വലിയ ചര്‍ച്ചയായിരുന്നു. സ്റ്റാര്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. അടുത്തിടെ ഫോമിമല്ലാത്ത രോഹിത് ശര്‍മ്മയ്‌ക്ക് ഓസീസിന് എതിരായ ഫൈനലില്‍ ടീമിനെ ബാറ്റ് കൊണ്ട് മുന്നില്‍ നിന്ന് നയിക്കാനുമായില്ല.
ഇതോടെയാണ് പുതിയ ക്യാപ്റ്റനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. വരുന്ന വിന്‍ഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റുകള്‍ രോഹിത്തിന് ഇതോടെ അഗ്നിപരീക്ഷയാകും എന്നുറപ്പായി. പരമ്പരയില്‍ ഏറെ റണ്‍സ് കണ്ടെത്തേണ്ടത് ഹിറ്റ്‌മാന് അനിവാര്യതയാണ്.
ക്യാപ്റ്റനായ ശേഷം കളിച്ച ഏഴ് ടെസ്റ്റില്‍ 390 റണ്‍സേ രോഹിത് ശര്‍മ്മ നേടിയുള്ളൂ. ഒരു സെഞ്ചുറി മാത്രമുള്ളപ്പോള്‍ ഒരിക്കല്‍പ്പോലും 50+ സ്കോര്‍ നേടാനായില്ല.