25.2 C
Kottayam
Thursday, May 16, 2024

രണ്ടാം ഇന്നിംഗ്സില്‍ ഡക്ക്;രോഹിത് ശര്‍മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Must read

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. 2019ല്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം ഇതാദ്യമായാണ് രോഹിത് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താവുന്നത്.

ടെസ്റ്റില്‍ 2015നുശേഷം രോഹിത്തിന്‍റെ ആദ്യ ഡക്ക് കൂടിയാണ് ഇന്നത്തേത്. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഡല്‍ഹി ടെസ്റ്റിലായിരുന്നു ഇതിന് മുമ്പ് രോഹിത് അവസാനമായി ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായത്. ടെസ്റ്റ് കരിയറിലെ അഞ്ച് തവണയാണ് രോഹിത് ആകെ പൂജ്യത്തിന് പുറത്തായത്.

സെഞ്ചൂറിയന്‍ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലുമായി ആകെ അഞ്ച് റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. 2021നുശേഷം കളിച്ച 30 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒന്നില്‍ പോലും രോഹിത് 10ല്‍ താഴെയുള്ള സ്കോറിന് പുറത്തായിട്ടില്ല. ഈ ടെസ്റ്റില്‍ 71 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 600 റണ്‍സ് നേടാവുന്ന ആദ്യ ബാറ്ററാവാന്‍ രോഹിത്തിന് കഴിയുമായിരുന്നു. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച 11 ഇന്നിംഗ്സുകളില്‍ ഏഴാം തവണയാണ് റബാഡക്ക് മുന്നില്‍ രോഹിത് മുട്ടുമടക്കുന്നത്. ഏകദിനത്തിലും ടി20യിലും ടെസ്റ്റിലുമായി 14 തവണ രോഹിത് റബാഡക്ക് മുന്നില്‍ വീണിട്ടുണ്ട്.

രോഹിത്തിനെ പൂജ്യത്തിന് മടക്കിയതോടെ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും രോഹിത്തിനെ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടം കാഗിസോ റബാഡ സ്വന്തമാക്കി. 163 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ 101 റണ്‍സ് പുറകിലാണ് ഇന്ത്യ ഇപ്പോഴും. 18 റണ്‍സുമായി വിരാട് കോലിയും ആറ് റണ്‍സോടെ ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week