മെല്‍ബണ്‍: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അസാനിച്ചിരിക്കുകയാണ്. 10 ടീമുകളില്‍ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഇതില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലെത്തിയ ഏക ടീം ഇന്ത്യയാണ്. അതിനാല്‍ തന്നെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കു പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ടൂര്‍ണമെന്റിലെ മികച്ച പ്ലേയിങ് ഇലവനില്‍ ഇന്ത്യന്‍ താരങ്ങളാണ് കൂടുതല്‍.
ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ടീമിനെ നയിക്കുന്നത് ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള മത്സരങ്ങളിലെ ടോപ് സ്‌കോറര്‍ വിരാട് കോലിയാണ്. ഇതിനൊപ്പം മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പക്ഷേ ടീമിലില്ല. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്കും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ് ടീമിലെ ഓപ്പണര്‍മാര്‍.
ക്വിന്റണ്‍ ഡിക്കോക്ക് (ദക്ഷിണാഫ്രിക്ക): 9 മത്സരങ്ങളില്‍ നിന്ന് 65.67 ശരാശരിയില്‍ 591 റണ്‍സ്. നാല് സെഞ്ചുറികള്‍. 174 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ): 9 മത്സരങ്ങളില്‍ നിന്ന് 55.44 ശരാശരിയില്‍ 499 റണ്‍സ്. രണ്ട് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും. ഉയര്‍ന്ന 163 റണ്‍സ്.
ന്യൂസീലന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്രയാണു ടീമിലെ മൂന്നാമന്‍. രചിന്‍ രവീന്ദ്ര (ന്യൂസീലന്‍ഡ്): 9 മത്സരങ്ങളില്‍ നിന്ന് 70.62 ശരാശരിയില്‍ 565 റണ്‍സ്. മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും. 123 ആണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് വിക്കറ്റുകളും താരം നേടി.
വിരാട് കോലിയാണ് ടീമിന്റെ നാലാം നമ്പര്‍ ബാറ്റര്‍. വിരാട് കോലി (ഇന്ത്യ): ടൂര്‍ണമെന്റില്‍ 99.00 ശരാശരിയില്‍ 594 റണ്‍സ്. നിലവിലെ ടോപ് സ്‌കോറര്‍. രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും നേടി. 103* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക): ഒമ്പത് കളികളില്‍ നിന്ന് 49.50 ശരാശരിയില്‍ 396 റണ്‍സ്. ഒരു സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും. 106 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്ട്രേലിയ): 7 മത്സരങ്ങളില്‍ നിന്ന് 79.40 ശരാശരിയില്‍ 397 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളാണ് മാക്‌സ്‌വെല്‍ ലോകകപ്പില്‍ നേടിയത്, അതിലൊന്ന് ഇരട്ട സെഞ്ചുറിയാണ്. 201* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് വിക്കറ്റുകളും വീഴ്ത്തി.
മാര്‍ക്കോ യാന്‍സന്‍ (ദക്ഷിണാഫ്രിക്ക): 8 മത്സരങ്ങളില്‍ നിന്ന് 157 റണ്‍സ്. ഒരു അര്‍ധ സെഞ്ചുറിയുണ്ട്. 17 വിക്കറ്റുകളും വീഴ്ത്തി.
രവീന്ദ്ര ജഡേജ (ഇന്ത്യ): 9 മത്സരങ്ങളില്‍ നിന്ന് 55.50 ശരാശരിയില്‍ 111 റണ്‍സ്. 16 വിക്കറ്റുകളും വീഴ്ത്തി.
മുഹമ്മദ് ഷമി (ഇന്ത്യ): 5 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, ഈ ലോകകപ്പില്‍ 16 വിക്കറ്റുകള്‍ ഷമിയുടെ അക്കൗണ്ടിലുണ്ട്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും.
ആദം സാംപ (ഓസ്ട്രേലിയ): 9 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.
ജസ്പ്രീത് ബുംറ (ഇന്ത്യ): 9 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍. ആറ് മെയ്ഡന്‍ ഓവറുകളുമായി ഈ നേട്ടത്തില്‍ രണ്ടാമത്.
12-ാമനായി ശ്രീലങ്കന്‍ താരം മധുശങ്കയാണുള്ളത്. ദില്‍ഷന്‍ മധുശങ്ക (ശ്രീലങ്ക): 9 കളികളില്‍ നിന്ന് 21 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമന്‍.