മാറക്കാന:വിജയം മറന്ന് കളത്തിൽ കാൽപ്പന്തു കൊണ്ട് കവിതയെഴുതുന്നവർ എന്ന പേരുദോഷം അർജൻ്റീനയ്ക്കുണ്ടായിരുന്നു. ഏരിയൽ ഒർട്ടേഗയെയും റിക്വൽമിയെയും, മഷറാനോയെയും പോലുള്ള പ്രതിഭാധനർ കളമൊഴിഞ്ഞതോടെ മധ്യനിരയിൽ വിടവു പ്രകടമായിരുന്നു. ഈ ഒഴിവാണ് ഡി പോളെന്ന മിഡ് മീൽ ഫ് ജനറൽ ഇല്ലാതാക്കിയത്.
ബ്രസീലിനും അർജൻ്റീനയ്ക്കും മത്സരം നിർണായകമായിരുന്നു. ബ്രസീലിന് ചരിത്രമുറങ്ങുന്ന മറക്കാനയിൽ ഇനിയൊരുവട്ടം കണ്ണുനീർ വീഴരുതെന്നായിരുന്നെങ്കിൽ അർജൻ്റീനയ്ക്ക് 28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിക്കേണ്ടതുണ്ടായിരുന്നു. അവസാന രണ്ട് തവണ കോപ്പയിൽ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. രണ്ട് തവണയും സമകാലിക ഫുട്ബോളിലെയും ഫുട്ബോൾ ചരിത്രത്തിലെയും ഏറ്റവും മികച്ച താരങ്ങളിൽ പെട്ട ലയണൽ ആന്ദ്രേസ് മെസി പരാജിതനായി തലകുനിച്ചുനിന്നു. കുനിഞ്ഞ ആ തല അർജൻ്റീനയ്ക്ക് ഉയർത്തേണ്ടതുണ്ടായിരുന്നു.
4-4-2 എന്ന ഫോർമേഷനിൽ അർജജീന ഇറങ്ങിയപ്പോൾ മധ്യനിരയിൽ ഏഴാം നമ്പറുകാരനായി ഒരു 27കാരനുണ്ടായിരുന്നു. സീരി എ ക്ലബ് ഉദിനസിൻ്റെ ക്യാപ്റ്റൻ റോഡ്രിഗോ ഡി പോൾ. സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് ഡിപോളിനെ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. അത് എന്തുകൊണ്ടെന്ന ഉത്തരം ഇന്ന് ലഭിച്ചു.
നെയ്മറിലൂടെ ബ്രസീൽ നടത്തുന്ന ആക്രമണങ്ങളുടെ മുനയൊടിച്ചുകൊണ്ട് ഡിപോൾ പ്രതിരോധത്തിലുണ്ടായിരുന്നു. എണ്ണം പറഞ്ഞ, ക്ലീൻ ടാക്കിളുകൾ. അർജൻ്റൈൻ മുന്നേറ്റങ്ങളുടെ എഞ്ചിൻ റൂമും ഈ ഏഴാം നമ്പർ താരം തന്നെയായിരുന്നു. ഡി മരിയയുടെ വിജയഗോളിലേക്കുള്ള അസിസ്റ്റ് വന്നത് ഡി പോളിൽ നിന്നായിരുന്നു. 89ആം മിനിട്ടിൽ മെസിയെ ബ്രസീൽ ബോക്സിൽ ഫ്രീ ആക്കിയ ക്ലിനിക്കൽ പാസ് നൽകിയതും ഡി പോൾ തന്നെ.
പക്ഷേ, മെസിക്ക് അവസരം മുതലെടുക്കാനായില്ല. ഗ്രൗണ്ടിൽ എല്ലായിടത്തും ഡി പോളിനെ കണ്ടു. കളി കഴിഞ്ഞ് മെസിയെ ആലിംഗനം ചെയ്ത് ആനന്ദക്കണ്ണീർ പൊഴിക്കുന്ന ഡി പോൾ ഒരുപക്ഷേ, തൻ്റെ ഹീറോയ്ക്ക്, ലോക ഫുട്ബോളിലെ ഏറ്റവും മഹാനായ താരത്തിന്, തൻ്റെ നായകന് നൽകിയ സമ്മാനമാവും ഈ പ്രകടനം.