കല്ലേറ്റുംകര: ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രമെഴുതി, റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമന്‍ തിടമ്പേറ്റി. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന രാമന്‍ ഉത്സവത്തിനെത്തിയവര്‍ക്ക് കൗതുകവും ആശ്ചര്യവുമായി.
ഒറ്റനോട്ടത്തില്‍, ജീവനുള്ള ആനയെ നിര്‍ത്തി ഉത്സവം നടക്കുന്ന പ്രതീതി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, പത്തരയടി ഉയരത്തിലുള്ള ആനയെ തൊട്ടുതലോടാന്‍ സ്ത്രീകളും കുട്ടികളും മത്സരിച്ചു. ഇരിഞ്ഞാടപ്പിള്ളി മനയുടെ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ സമര്‍പ്പിച്ചത്.
രാവിലെ കളഭാഭിഷേകവും ആനയെ നടയിരുത്തലും നടന്നു. ഉച്ചതിരിഞ്ഞ് ആചാര്യസംഗമവും തുടര്‍ന്ന് എഴുന്നള്ളിപ്പുമുണ്ടായി. പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന മേളത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരന്നു.
സമര്‍പ്പണച്ചടങ്ങ് തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കാരുമാത്ര വിജയന്‍ ശാന്തി, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍. ജോജോ, പഞ്ചായത്തംഗം കെ.ബി. സുനിത, വി.കെ. വെങ്കിടാചലം, രാജ്കുമാര്‍ നമ്പൂതിരി, വിശ്വംഭരന്‍, വിഷ്ണു ഗുപ്ത, അജയന്‍ എടത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടില്‍ റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. എണ്ണൂറ് കിലോ തൂക്കമുണ്ട്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ആനയുടെ ചലനങ്ങള്‍. ട്രോളിയിലാണ് സഞ്ചാരം. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസമെടുത്താണ് നിര്‍മിച്ചത്.