നാഗപട്ടണം: നടുക്കടലില്‍ വീണ്ടും കത്തികാട്ടി കവര്‍ച്ച. നാട്ടില്‍ നടക്കുന്ന ചില കവര്‍ച്ചകള്‍ക്കു സമാനമായിട്ടാണ് കടലിലും കവര്‍ച്ചയും പിടിച്ചുപറിയും ആശങ്ക പരത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം രണ്ടാം തവണയും കത്തികാട്ടി കവര്‍ച്ച നടുക്കടലില്‍ അരങ്ങേറി. നാഗപട്ടണം ജില്ലയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് കത്തികാണിച്ചു കൊള്ളയടിച്ചത്.
ശ്രീലങ്കയില്‍നിന്നുള്ള അക്രമികളാണ് ഇങ്ങനെ കടലില്‍ കൊള്ളയടി നടത്തിയതെന്നാണ് കരുതുന്നത്. അതിക്രമത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ ചികിത്സയിലാണ്. നാഗപട്ടണത്തുനിന്നു കഴിഞ്ഞ ശനിയാഴ്ച രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനത്തിനു പോയ ഏഴംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. 12 നോട്ടിക്കല്‍ മൈല്‍ തെക്കു കിഴക്കന്‍ മേഖലയില്‍വച്ചായിരുന്നു അക്രമം.
രണ്ടു സൂപ്പര്‍ ബോട്ടുകളിലെത്തിയ ഒന്‍പതംഗ സംഘമാണ് കത്തി അടക്കമുള്ള ആയുധങ്ങളുമായെത്തി കൊള്ളയടി നടത്തിയത്. മത്സ്യത്തൊഴിലാളികളെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു കൊള്ളയടി. നാലു ലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുക്കള്‍ അക്രമികള്‍ കവര്‍ന്നുകൊണ്ടുപോയി.
കീച്ചന്‍കുപ്പം സ്വദേശികളായ രവീന്ദ്രന്‍ (28), കൃഷ്ണരാജ് (55), മുരുകന്‍ (35) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവരെ നഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യബന്ധനം നടത്തുന്നതിനിടെ പാഞ്ഞെത്തിയ അക്രമികള്‍ ഇവരെ വളയുകയായിരുന്നു. കത്തികളും കമ്പിവടികളുമായി എത്തിയ സംഘം ഇവരെ മര്‍ദിച്ചു.
രണ്ടു വോക്കി ടോക്കികള്‍, എക്കോ സൗണ്ടര്‍, ആയിരം കിലോ മത്സബന്ധന വല തുടങ്ങിയവ അടക്കം അക്രമകള്‍ കൊണ്ടുപോയി. ഞായറാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയ സംഘം പോലീസും കോസ്റ്റര്‍ സെക്യൂരിറ്റി വിഭാഗത്തിലും പരാതി നല്‍കി. സംഭവം സംബന്ധിച്ചു ഗൗരവതരമായ അന്വേഷണം തുടങ്ങിയതായി നഗപട്ടണം കളക്ടര്‍ അറിയിച്ചു. ഇന്ത്യയുടെ അധികാരപരിധിയിലേക്കു കടന്നുകയറിയാണ് അക്രമം നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ ജീവനും വസ്തുവകകളും സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വേദരണ്യം ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴികളും സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നുകയറിയുള്ള അക്രമം അതീവഗൗരവത്തോടെയാണ് അധികൃതര്‍ കണക്കിലെടുത്തിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്ക് അക്രമികള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ പട്രോളിംഗും മറ്റും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.