കത്രീനയുടെ കവിളുകള്‍ പോലെവേണം റോഡുകള്‍ നിര്‍മിക്കാന്‍; വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍മന്ത്രി

ജയ്പുർ: വിവാദ പ്രസ്താവനയിൽ കുരുങ്ങി രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിങ് ഗൂഢ. കത്രീനാ കൈഫിന്റെ കവിളുകൾ പോലെ വേണം റോഡുകൾ നിർമിക്കാനെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥന് നിർദേശം നൽകിയതാണ് രാജേന്ദ്ര സിങ്ങിന് വിനയായത്. പൊതുയോഗത്തിനിടെ മന്ത്രി നടത്തിയ പരാമർശത്തിന്റെ വീഡിയോ ഇതിനോടകം വലിയതോതിൽ പ്രചരിച്ചു കഴിഞ്ഞു.

സ്വന്തം മണ്ഡലമായ ഉദയപുർവാടിയിൽ ജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു രാജേന്ദ്ര സിങ്ങിന്റെ വിവാദപരാമർശം. പ്രദേശത്തെ റോഡുകൾ നന്നാക്കണമെന്ന് ഗ്രാമവാസികളിൽ ചിലർ രാജേന്ദ്ര സിങ്ങിനോട് ആവശ്യപ്പെട്ടു. തുടർന്നാണ്, യോഗത്തിൽ പങ്കെടുക്കാനെത്തിയ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയർക്ക് വിചിത്രനിർദേശം മന്ത്രി നൽകിയത്. ‘എന്റെ മണ്ഡലത്തിൽ, റോഡുകൾ നിർമിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകൾ പോലെയാകണം’, എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

മന്ത്രിയുടെ വാക്കുകൾ ആളുകൾ ആരവത്തോടെ സ്വീകരിച്ചതിന് പിന്നാലെ, മന്ത്രി പരാമർശം ആവർത്തിക്കുന്നുമുണ്ട്. ഇതാദ്യമായല്ല റോഡുകളെ നടിമാരുടെ കവിളുകളുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ പരാമർശം നടത്തുന്നത്. 2005-ൽ ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവും സമാന പ്രസ്താവന നടത്തിയിരുന്നു. ബിഹാറിലെ റോഡുകൾ നടി ഹേമ മാലിനിയുടെ കവിളുകളോളം മിനുസമുള്ളതാക്കുമെന്നായിരുന്നു ലാലുവിന്റെ വാക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News