തിരുവനന്തപുരം: വയനാട്ടിലും കോഴിക്കോട്ടും ശക്തമായ മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറുകയും ചെയ്തു. വയനാട് ജില്ലയില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെണ്ണിയോട് റോഡ് ഒലിച്ചുപോയി. 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് ദേശീയപാത 766-ല്‍ കോഴിക്കോട്-കൊല്ലഗല്‍ പാതയിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. കോഴിക്കോട് താലൂക്കില്‍ രണ്ടും വടകര താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. ആകെ 88 പേരാണ് ക്യാമ്പുകളിലുള്ളത്. 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരംവീണും വെള്ളംകയറിയും ഗതാഗതം തടസ്സപ്പെട്ടു.
പെരുവണ്ണാമൂഴി ഡാം ഷട്ടര്‍ തുറന്നു. അതോടെ കുറ്റ്യാടിപ്പുഴയിലേക്ക് വെള്ളം എത്തിത്തുടങ്ങി. പൂനൂര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയുടെ തീരത്ത് വിവിധഭാഗങ്ങളില്‍ വെള്ളപ്പൊക്കഭീഷണിയുണ്ട്.
ചൊവ്വാഴ്ചയും ചുവപ്പുജാഗ്രതാ നിര്‍ദേശമുള്ള പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നതോടെ ആറ് അണക്കെട്ടുകള്‍ തുറന്നു. മണിയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട്, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി എന്നീ അണക്കെട്ടുകളാണ് തിങ്കളാഴ്ച തുറന്നത്. ഇതിനുപുറമെ, ഇടുക്കിയിലെ കല്ലാര്‍കുട്ടിയിലും ലോവര്‍ പെരിയാറിലും ജലനിരപ്പ് വന്‍തോതിലുയര്‍ന്നിട്ടുണ്ട്. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

