തിരുവനന്തപുരം:സ്‌കൂളുകള്‍ക്ക് ആശ്വാസമായി സ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കാലാവധി നീട്ടി നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഒക്ടോബറില്‍ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്. നവംബറില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു.
ഒന്ന് മുതല്‍ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകള്‍ നവംബര്‍ 15 മുതലാണ് ആരംഭിക്കുക. രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരേണ്ടത്.
സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
1. പൊതു നിര്‍ദ്ദേശങ്ങള്‍:
രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരേണ്ടത്. കുട്ടികള്‍ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്. 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ട് കുട്ടികളാവാം. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികള്‍ ഹാജരാകാവുന്നതാണ്. സ്‌കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്. ആദ്യ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കുന്നതാണ്.
1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസില്‍ വരുന്ന രീതിയില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കേണ്ടതാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ക്രമീകരണ ചുമതല സ്‌കൂള്‍ മേധാവിക്കായിരിക്കും. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി വേണം സ്‌കൂളില്‍ എത്തിച്ചേരേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം (വിദ്യാര്‍ത്ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ട് ദിവസം) സ്‌കൂളില്‍ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സ്ഥിരമായി അതേ ബാച്ചില്‍ തന്നെ തുടരേണ്ടതാണ്.
ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ പെടുത്തുന്നതാണ് ഉചിതം. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികള്‍ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കോവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പര്‍ക്കം ഉള്ള/സംശയിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, സമ്പര്‍ക്കവിലക്കില്‍ ഇരിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, കോവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എന്നിവര്‍ സ്‌കൂളില്‍ ഹാജരാകേണ്ടതില്ല.
കോവിഡ് ബാധിതര്‍ വീട്ടിലുണ്ടെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കേണ്ടതാണ്. നല്ല വായുസഞ്ചാരമുള്ള മുറികള്‍/ഹാളുകള്‍ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ. സാധ്യമാകുന്ന ഘട്ടങ്ങളില്‍ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് നടപ്പിലാക്കേണ്ടതാണ്.
ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സില്‍ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ വരേണ്ടതില്ല എന്ന് നിര്‍ദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികള്‍ മാത്രമുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോസ്റ്റലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍, മറ്റ് താത്ക്കാലിക ജീവനക്കാര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കേണ്ടതാണ്.
കോവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളില്‍ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം സ്‌കൂള്‍മേധാവികള്‍ ക്ലാസുകള്‍ ക്രമീകരിക്കേണ്ടതാണ്. സ്‌കൂള്‍സംബന്ധമായ എല്ലാ യോഗങ്ങള്‍ തുടങ്ങുമ്പോഴും ക്ലാസുകള്‍ തുടങ്ങുമ്പോഴും കോവിഡ് അനുയോജ്യ പെരുമാറ്റം ഓര്‍മ്മപ്പെടുത്തുകയും കോവിഡ് ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാണ്. സ്‌കൂള്‍തലത്തില്‍ ഹെല്പ്പ് ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണ്.
2. സ്‌കൂളുകള്‍ സജ്ജമാക്കല്‍:
സ്‌കൂളുകള്‍ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആയതിനാല്‍ ഒക്ടോബര്‍ 25 നകം എല്ലാ വിദ്യാലയങ്ങളിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികള്‍ കഴിയാവുന്നതും പെയ്ന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമാക്കുന്നത് ഉചിതമായിരിക്കും. ദീര്‍ഘകാലം അടഞ്ഞുകിടന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സമ്പൂര്‍ണ്ണ ശുചീകരണം നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, സ്‌കൂള്‍ബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കണം. വാട്ടര്‍ ടാങ്ക്, അടുക്കള, കാന്റീന്‍, ശുചിമുറി, വാഷ്ബെയ്സിന്‍, ലാബ്, ലൈബ്രറി എന്നിവ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.
ദീര്‍ഘനാളായി സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്ത രീതിയില്‍ നിര്‍മ്മാണ വസ്തുക്കള്‍ സൂക്ഷിക്കേണ്ടതാണ്. കുട്ടികളും നിര്‍മ്മാണത്തൊഴിലാളികളും തമ്മില്‍ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്.
സ്‌കൂളുകളില്‍ ദീര്‍ഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ ക്ലാസും, സ്‌കൂള്‍ കാമ്പസ്സും പരിസരവും മനോഹരമായി അലങ്കരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഇത് സഹായകരമാകും. സ്‌കൂള്‍ പരിസരങ്ങളിലും ക്ലാസ്സുകളിലും കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ (Covid Appropriate Behaviour) വിവരിക്കുന്ന ബോര്‍ഡുകള്‍/പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാബോര്‍ഡുകള്‍ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്റൂമിന് പുറത്ത്, സ്‌കൂള്‍ ബസ് തുടങ്ങിയ ഇടങ്ങല്‍ പതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്റൂം തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകള്‍ വരുത്തേണ്ടതാണ്.
3. സ്റ്റാഫ് കൗണ്‍സില്‍ യോഗം:
സ്‌കൂള്‍ തുറക്കുന്നതിനുളള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്റ്റാഫ് കൗണ്‍സില്‍യോഗം എല്ലാ ജീവനക്കാരെയും പങ്കെടുപ്പിച്ച് ചേരേണ്ടതാണ്. സ്‌കൂളിനെ ഒരു യൂണിറ്റായി പരിഗണിച്ച് അദ്ധ്യാപകരും അനദ്ധ്യാപകരും ഈ യോഗത്തില്‍ പങ്കെടുക്കണം. സ്‌കൂള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനപദ്ധതി പ്രസ്തുത യോഗത്തില്‍ തയ്യാറാക്കേണ്ടതാണ്. ഓരോ ക്ലാസ്ടീച്ചറും അവരവരുടെ ക്ലാസിലെ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. കുട്ടിയുടെ താമസസ്ഥലം, സ്‌കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ്, വീട്ടിലെ അംഗങ്ങള്‍, അവരുടെ പ്രായം, ആര്‍ക്കെങ്കിലും രോഗങ്ങള്‍ ഉണ്ടോ എന്നത്, എല്ലാവരും വാക്സിന്‍ എടുത്തിട്ടുണ്ടോ, ഡോസുകളുടെ എണ്ണം, എത്ര ദിവസം മുമ്പാണ് വാക്സിന്‍ എടുത്തത്, സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
4. രക്ഷിതാക്കളുടെ യോഗം:
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പി.ടി.എ/എസ്.എം.സി എക്സിക്യൂട്ടീവ് യോഗങ്ങള്‍ ചേരേണ്ടതാണ്. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ പങ്കാളിത്തം യോഗത്തില്‍ ഉറപ്പാക്കണം. ക്ലാസ് പി.ടി.എ. യോഗങ്ങള്‍ ഫലപ്രദമായി സംഘടിപ്പിക്കേണ്ടതാണ്. ഓണ്‍ലൈനിലും പി.ടി.എ. ചേരാവുന്നതാണ്. കുട്ടികള്‍ സ്‌കൂളില്‍ പാലിക്കേണ്ട കൊവിഡ് അനുബന്ധ പെരുമാറ്റരീതികള്‍ മുന്‍കൂട്ടി തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് നല്‍കേണ്ടതാണ്. അതുവഴി വീട്ടില്‍നിന്നുതന്നെ കുട്ടികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ കഴിയും. കുട്ടികളുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കള്‍ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.
5. വിവിധതലങ്ങളിലെ ഏകോപന യോഗങ്ങള്‍:
ജില്ലാതലത്തില്‍ ജില്ലാ കളക്ടറുടെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങള്‍ നടത്തി സ്‌കൂള്‍ തുറക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. വിദ്യാഭ്യാസജില്ല/ഉപജില്ല/പഞ്ചായത്ത്തലങ്ങളിലും ആവശ്യമായ യോഗങ്ങള്‍ ചേര്‍ന്ന് സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തേതാണ്. സ്‌കൂളും പരിസരവും വൃത്തിയാക്കി കുട്ടികളെ സ്വീകരിക്കുന്നതിനു സജ്ജമാക്കുന്നതിനായി ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, യുവജനസംഘടനകള്‍, പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ പ്രതിനിധികള്‍, മറ്റ് അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം സ്‌കൂള്‍തലത്തില്‍ ചേരേണ്ടതാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം യോഗങ്ങള്‍ നടത്തേണ്ടത്. ഈ യോഗത്തില്‍ സ്‌കൂള്‍തല പ്രവര്‍ത്തനപദ്ധതി വിശദീകരിക്കുകയും എല്ലാവരുടെയും പങ്കാളിത്തത്തോടെ സ്‌കൂള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതാണ്.
6. ശുചിത്വം/അണുനശീകരണം:
കുട്ടികള്‍ ഇടപഴകുന്ന എല്ലായിടങ്ങളും അണുവിമുക്തമാക്കേണ്ടതാണ്. ഉചിതമായ സ്ഥലങ്ങളില്‍ സോപ്പും വെള്ളവും ലഭ്യമാക്കേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയുടെ കരുതല്‍ ശേഖരം സ്‌കൂളുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്. സ്‌കൂള്‍ കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിനുളള സൗകര്യം ഒരുക്കണം. കവാടത്തില്‍ തിരക്ക് ഉണ്ടാകാത്ത വിധത്തില്‍ മതിയായ എണ്ണം ഉപകരണങ്ങളും ജീവനക്കാരും ഉണ്ടാകണം. ഓരോ ദിവസവും ക്ലാസ്മുറികള്‍ അണുവിമുക്തമാക്കേണ്ടതാണ്. ശുചിമുറികള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേതാണ്. ടോയ്ലെറ്റുകള്‍, ശുചിമുറികള്‍, ലാബുകള്‍ എന്നിവിടങ്ങളില്‍ എക്സ്ഹോസ്റ്റ് ഫാനുകള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. കുട്ടികള്‍ കുടിവെള്ളം വീടുകളില്‍ നിന്നും കൊണ്ടു വരേണ്ടതാണ്. സ്‌കൂളിലെ പൊതുവായ കുടിവെള്ള സൗകര്യം ഉപയോഗിക്കുന്ന സാഹചര്യങ്ങളില്‍ പേപ്പര്‍ കപ്പുകള്‍ ക്രമീകരിക്കേണ്ടതാണ്. സ്റ്റാഫ് റൂമിലും ലഭ്യമായ മറ്റ് മുറികളിലും/ഹാളുകളിലും അദ്ധ്യാപകര്‍ക്ക് മതിയായ അകലത്തില്‍ സീറ്റുകള്‍ നിശ്ചയിക്കേണ്ടതാണ്.
7. ക്ലാസുകളുടെ ക്രമീകരണം:
നവംബര്‍ ഒന്ന് മുതല്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും അതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കേണ്ടതാണ്. ശാരീരിക അകലം പാലിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബയോബബിള്‍ സിസ്റ്റം ക്ലാസ് അടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടതാണ്. ബയോബബിള്‍ എന്നത് ഒരു ക്ലാസില്‍ പഠിക്കുന്ന 6 മുതല്‍ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ്. ഇവര്‍ മാത്രമേ പരസ്പരം അടുത്ത് ഇടപെടാന്‍ പാടുള്ളൂ. ഇവര്‍ ഒരു പ്രദേശത്തു നിന്നു തന്നെ വരുന്നവരാണെങ്കില്‍ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം. അതായത് ഒരു ക്ലാസ്സില്‍ രണ്ടോ മൂന്നോ ബയോബബിളുകള്‍ ഉണ്ടാകാം. ബയോബബിളില്‍ കുട്ടികളുടെ എണ്ണം എത്രകണ്ട് പരിമിതപ്പെടുത്താമോ അത്രകണ്ട് നല്ലതാണ്. ഒരു ബയോബബിളിലെ കുട്ടികള്‍ മറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാന്‍ പാടുള്ളതല്ല. പരിമിതി ഏറെയുണ്ടെങ്കിലും രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ബയോബബിളിനെ പ്രയോജനപ്പെടുത്താം. പ്രൈമറിതലത്തില്‍ അദ്ധ്യാപകര്‍ കഴിയുന്നത്ര ബയോബബിളിന്റെ ഭാഗമാകേണ്ടതാണ്. ക്ലാസ്സുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍, സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം എന്നിവയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി ടോയ്ലറ്റുകള്‍, സ്‌കൂള്‍ ഗേറ്റുകള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേരല്‍ ഒഴിവാക്കാക്കേണ്ടതാണ്.
8. ക്ലാസ്സുകളിലെയും പരിസരങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങള്‍:
ക്ലാസ്സ് റൂമിലും സ്‌കൂളിന്റെ പരിസരങ്ങളിലും കുട്ടികളോ ജീവനക്കാരോ യാതൊരു കാരണവശാലും കൂട്ടംകൂടരുത്. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അദ്ധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതും പ്രധാനാദ്ധ്യാപകന്റെ നിര്‍ദ്ദേശാനുസരണം സുരക്ഷാക്രമീകരണ ജോലികളില്‍ ഏര്‍പ്പെടേണ്ടതുമാണ്. കൂട്ടംചേരല്‍ അനുവദനീയമല്ലാത്തതിനാല്‍ അടുത്തിടപഴകേണ്ട കായികവിനോദങ്ങള്‍, സ്‌കൂള്‍ അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണം കഴിക്കല്‍ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെളളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുളളതല്ല. സ്‌കൂള്‍ക്യാമ്പസിനുള്ളില്‍ എല്ലാവരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കേണ്ടതാണ്. പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്. ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുളള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കേണ്ടതാണ്. ക്ലാസ് റൂമുകള്‍, ഹാളുകള്‍ എന്നിവ പൂര്‍ണ്ണമായി തുറന്നിടേണ്ടതും വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
9. കുട്ടികളുടെ ഗതാഗത സൗകര്യങ്ങള്‍:
പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികള്‍ ഇരട്ട മാസ്‌കുകള്‍ ധരിക്കേണ്ടതും യാത്രയില്‍ സാനിറ്റൈസര്‍ കരുതേണ്ടതും, കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കേണ്ടതുമാണ്. സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ഓഫ്ലൈന്‍/ഓണ്‍ലൈന്‍ ക്ലാസുകള്‍: സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുളള ഡിജിറ്റല്‍ പഠനരീതി തുടരാവുന്നതാണ്. സ്‌കൂളില്‍ അതാത് ദിവസങ്ങളില്‍ വരാത്തവര്‍ക്കു വേണ്ടിയുളള പഠനപിന്തുണ പ്രവര്‍ത്തനങ്ങള്‍ വിവിധ രീതികളില്‍ അദ്ധ്യാപകര്‍ തുടരേണ്ടതാണ്.
10. ടൈംടേബിള്‍:
ക്ലാസുകള്‍ കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കേണ്ടതാണ്. ടൈംടേബിള്‍ മുന്‍കൂട്ടി തന്നെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കേണ്ടതാണ്.
11. അക്കാദമിക് കലണ്ടര്‍, പാഠഭാഗങ്ങള്‍: സ്‌കൂളുകള്‍ തുറക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു അക്കാദമിക കലണ്ടര്‍ തയ്യാറാക്കേണ്ടതുണ്ട്. കരിക്കുലം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഓഫ് ലൈന്‍/ഓണ്‍ലൈന്‍ സമ്മിശ്രരീതി, കുട്ടികള്‍ക്ക് ലഭ്യമാകുന്ന ക്ലാസ്റൂം ദിനങ്ങള്‍, ഡിജിറ്റല്‍ പിന്തുണ, സ്വയംപഠനം എന്നിവയുടെ അടിസ്ഥാനത്തില്‍ അക്കാദമിക കാര്യങ്ങള്‍ എന്നിവ വിശദമാക്കുന്ന മാര്‍ഗ്ഗരേഖ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ തയ്യാറാക്കേണ്ടതാണ്.
12. സ്‌കൂളിലെ ആരോഗ്യ പരിശോധനകള്‍:
സ്‌കൂളുകള്‍ തുറന്നയുടന്‍, വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്നു നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം. രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം. രോഗലക്ഷണങ്ങളുള്ള ഏതെങ്കിലും കുട്ടികള്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ആ കുട്ടികളുള്‍പ്പെടുന്ന ബയോബബിളിലെ മറ്റു കുട്ടികളെയും മാറ്റി നിര്‍ത്തി ഇക്കാര്യം പ്രാദേശിക ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കേണ്ടതാണ്.
സ്‌കൂളില്‍ വച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതോ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാര്‍/കുട്ടികള്‍, കൊവിഡ് 19 പരിശോധ നിര്‍ബന്ധമായും നടത്തേണ്ടതാണ്. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക FAQ (Frequently Asked Questions) ആരോഗ്യവകുപ്പ് തയ്യാറാക്കി നല്‍കുന്നതാണ്. ഓരോ സ്‌കൂളും പ്രദേശത്തുള്ള ആരോഗ്യകേന്ദ്രം/ആശുപത്രിയുമായി സഹകരണം ഉറപ്പാക്കി ആവശ്യാനുസരണം ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്. രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, സ്‌കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ ‘ദിശ’ ഹെല്‍പ്പ് ലൈനിലൂടെ മറുപടി ലഭ്യമാക്കുന്നതാണ്.
13. സ്‌കൂള്‍ ആരോഗ്യ സംരക്ഷണ സമിതി:
കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന ആരോഗ്യ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിനും, നിരീക്ഷിക്കുന്നതിനും എല്ലാ സ്‌കൂളുകളിലും താഴെപ്പറയുന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സ്‌കൂള്‍ ആരോഗ്യ സംരക്ഷണ സമിതി (SHMC) രൂപീകരിക്കണം. പ്രിന്‍സിപ്പല്‍/ എച്ച് എം. (ചെയര്‍മാന്‍), തദ്ദേശ സ്വയംഭരണ വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍, പി.ടി.എ. പ്രസിഡന്റ്, എസ്.എം.സി. ചെയര്‍മാന്‍, സ്‌കൂള്‍ ഡോക്ടര്‍/നഴ്സ് (ഉണ്ടെങ്കില്‍), JPHN (ഉണ്ടെങ്കില്‍), പ്രാഥമിക ആരോഗ്യേക്രന്ദത്തിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ (ഉണ്ടെങ്കില്‍), ആശാവര്‍ക്കര്‍, എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. എന്നിവിടങ്ങളില്‍ നിന്നും സീനിയറായിട്ടുള്ള ഓരോ അദ്ധ്യാപക പ്രതിനിധി (ഇതിലൊരാളെ നോഡല്‍ ടീച്ചറായി നിയോഗിക്കണം), കുട്ടികളുടെപ്രതിനിധി, ഓഫീസ് സൂ്രപണ്ട്/ഹെഡ്ക്ലാര്‍ക്ക്, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കണം.
സമിതിയുടെ മീറ്റിംഗ് ആഴ്ചയില്‍ ഒരിക്കല്‍ ചേരേണ്ടതാണ്. കോവിഡ് തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, പ്രോട്ടോക്കോള്‍ എന്നിവ പാലിക്കുന്നതിനായി സ്‌കൂള്‍തലത്തില്‍ ഒരു പ്ലാന്‍ തയ്യാറാക്കുക.
കുട്ടികളുടെയും, സ്‌കൂളിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം അദ്ധ്യാപകരുടെ ലഭ്യത, സ്ഥല ലഭ്യത,ഡൈനിംഗ് സ്ഥലം, ഗതാഗത സൗകര്യങ്ങള്‍, സുരക്ഷാകാര്യങ്ങള്‍ എന്നിവ വിലയിരുത്തണം. രോഗലക്ഷണമുള്ള കുട്ടികെള നിരീക്ഷിക്കുന്നതിനായി ഒരു sick room തയ്യാറാക്കണം. പ്രാഥമിക സുരക്ഷാക്കിറ്റ് ലഭ്യമാക്കണം. മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ ശുചിയാക്കി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, കോവിഡ് മാനദണ്ഡങ്ങളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുകയും ചെയ്യണം.
കുട്ടികള്‍ക്കും മറ്റു സ്‌കൂള്‍ ജീവനക്കാര്‍ക്കും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം. പ്രാദേശികതലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തര ബന്ധം പുലര്‍ത്തുകയും ദിവേസനയുള്ള റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന കുട്ടിയുടെ/ജീവനക്കാരുെട വിവരങ്ങള്‍ (പേര്, രക്ഷകര്‍ത്താവിന്റെ പേര്, ആണ്‍/പെണ്‍, അ്രഡസ്സ്,ഫോണ്‍ നമ്പര്‍) തുടങ്ങിയ വിവരങ്ങള്‍ ദിവേസന മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ആവശ്യത്തിനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവയുടെ ക്രമീകരണം ഉറപ്പുവരുത്തേണ്ടതാണ്.
14. അടിയന്തര സാഹചര്യങ്ങളെ നേരിടാനുളള തയ്യാറെടുപ്പ്:
കുട്ടികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണം. ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സമ്പര്‍ക്ക പട്ടിക കൃത്യമായി തയ്യാറാക്കാനുളള ക്രമീകരണം ചെയ്യുക. അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പരുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.
കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം. വാക്സിനേഷന്‍ എടുത്തവരും ഗുരുതരമായ രോഗങ്ങള്‍ ഇല്ലാത്തവരുമായ പി.ടി.എ. ഭാരവാഹികള്‍ക്ക് മാത്രമേ നിയന്ത്രണ വിധേയമായി പ്രവേശനം അനുവദിക്കാവൂ.
തദ്ദേശ സ്വയംഭരണ തലം: സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്‌കൂളധികൃതരുടെ ഒരു യോഗം വിളിക്കുന്നത് അഭികാമ്യം. സ്‌കൂള്‍തലങ്ങളില്‍ ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പങ്കുവഹിക്കാനാവും. ശരിയായ മാലിന്യസംസ്‌കരണത്തിന് സ്‌കൂളുകള്‍ക്ക് പിന്തുണ നല്‍കേണ്ടതാണ്.
15. ബോധവല്‍ക്കരണം:
ആരോഗ്യ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് സ്‌കൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ അദ്ധ്യാപകര്‍, ഇതര ജീവനക്കാര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
16. കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപേയാഗം, സോപ്പും വെള്ളവും ഉപേയാഗിച്ച് കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവ നിരന്തര ശ്രദ്ധയില്‍ ഉണ്ടാവണം. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും അസുഖം ബാധിക്കുവാനുള്ള നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവാം. ആയതിനാല്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കണം.
സ്‌കൂളില്‍ വരേണ്ടദിവസം, സമയം എന്നിവ പ്രധാന അദ്ധ്യാപകന്‍/ക്ലാസ്സ് ടീച്ചര്‍ നിങ്ങളെ അറിയിക്കുന്നതാണ്. അതനുസരിച്ചു മാത്രം സ്‌കൂളില്‍ വരണം. വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളില്‍ വിട്ടുവീഴ്ച അരുത്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഭയെപ്പടാതെ രക്ഷിതാക്കെളേയാ അദ്ധ്യാപകെരേയാ ഉടന്‍ അറിയിക്കണം. നിങ്ങള്‍ക്കുണ്ടാകുന്ന ഏതു തരം ആശങ്കകളും ആകുലതകളും അദ്ധ്യാപകരുമായി പങ്കുവയ്ക്കാന്‍ മടിക്കരുത്. അലട്ടുന്ന പ്രയാസങ്ങള്‍ എന്തുതെന്ന ആയാലും അദ്ധ്യാപകേരാട് തുറന്നുപറയുക. ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല. എന്നാല്‍ കരുതല്‍ വേണം.
17. മോണിറ്ററിംഗ്: വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്. സ്‌കൂള്‍തല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദിവസവും പി.ടി.എ പ്രസിഡന്റ് അധ്യക്ഷനും പ്രിന്‍സിപ്പാള്‍/ പ്രഥമാദ്ധ്യാപകന്‍/ പ്രഥമാദ്ധ്യാപിക കണ്‍വീനറുമായ ഒരു സമിതി വിലയിരുത്തേണ്ടതാണ്. ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക എന്നത് പ്രസ്തുത കമ്മിറ്റിയുടെ ചുമതല ആയിരിക്കും. പ്രതിദിന റിപ്പോര്‍ട്ടുകള്‍ മേല്‍ പറഞ്ഞ കമ്മിറ്റിക്ക് വേണ്ടി കണ്‍വീനര്‍ തയ്യാറാക്കി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്കും ആരോഗ്യവകുപ്പിനും നല്‍കേണ്ടതും, ജില്ലാതലത്തില്‍ സമാഹരിക്കപ്പെടുന്ന പ്രതിവാര റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും സമര്‍പ്പിക്കേണ്ടതുമാണെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.