‘രമ ഒറ്റുകാരി,രക്തസാക്ഷികളുടെ പാരമ്പര്യം ആർഎംപി കളങ്കപ്പെടുത്തി’;എളമരം കരീമിനെ പിന്തുണച്ച് മോഹനൻ

കോഴിക്കോട്: കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മണ്ടോടി കണ്ണന്‍ ഉള്‍പ്പടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലം തന്നെയാണ് കെ.കെ രമയ്ക്ക് കിട്ടിയ എംഎല്‍എ സ്ഥാനമെന്നും പി മോഹനന്‍ ആരോപിച്ചു.

എല്ലാ കാലത്തും കോണ്‍ഗ്രസ് പരിശ്രമിച്ചത് ഒഞ്ചിയത്തെ സിപിഎമ്മിനെ ശിഥിലമാക്കാനാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സിപിഎമ്മിനെ ശിഥിലമാക്കാന്‍ ഒറ്റുകാരായി നിന്നുകൊടുത്തതിന്റെ പ്രതിഫലമായാണ് രമയ്ക്ക് എംഎല്‍എ സ്ഥാനം കൊടുത്തതെന്നും പി മോഹനന്‍ ആരോപിച്ചു.

പ്രസ്ഥാനത്തെ ഒറ്റുക്കൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എം.എല്‍.എ സ്ഥാനമെന്നും സ്ഥാനം കിട്ടിയെന്ന് ഓര്‍ത്ത് അധികം അഹങ്കരിക്കേണ്ടെന്നുമാണ് നേരത്തെ എളമരം കരീം പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമര്‍ശം. ടി.പി വധക്കേസിലെ ഒന്‍പതാം പ്രതിയായിരുന്നു സി.എച്ച് അശോകന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News