KeralaNews

കേരളത്തിന്റെ അഭിമാനം,ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററിൽ ഇടം നേടി റിസ്‌വാന

കോട്ടയം:ലോക കേള്‍വി ദിനത്തില്‍ ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ ഇടം നേടി കോട്ടയം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി റിസ്‌വാന. കേള്‍വി പരിമിതി അതിജീവിച്ചാണ് റിസ്‌വാന കേരളത്തിന്റെ അഭിമാനമായത്. ആറുവയസുവരെ കേള്‍വി പരിമിതിയുള്ള കുട്ടിയായിരുന്നു റിസ്‌വാന.

കുട്ടിക്കാലത്ത് നടത്തിയ ഹിയറിംഗ് സ്‌ക്രീനിങ്ങിലൂടെയാണ് റിസ്‌വാനയുടെ മാതാപിതാക്കള്‍ മകളുടെ കേള്‍വിസംബന്ധമായ തകരാറുകള്‍ തിരിച്ചറിഞ്ഞത്. ഇത്തരമൊരു അവസ്ഥയെ തിരിച്ചറിഞ്ഞയുടന്‍ തന്നെ അവര്‍ ഒട്ടും സമയം പാഴാക്കാതെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന പരിഹാരത്തിലൂടെ റിസ്‌വാനയ്ക്ക് സാധാരണ ജീവിതം തിരികെ കൊടുക്കുകയായിരുന്നു.

കേള്‍വി സംബന്ധമായ തകരാറുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞ് കൃത്യമായ പരിഹാരം കാണുകയെന്നതാണ് മാതാപിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. അത്തരത്തിലുള്ള നിരവധിയാളുകള്‍ക്ക് പ്രചോദനമായാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ റിസ്‌വാനയുടെ ചിത്രം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

ഒരു വയസ്സുള്ളപ്പോളാണ് റിസ്‌വാനക്ക് ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതായി മാതാപിതാക്കള്‍ മനസിലാക്കുന്നത്. കൃത്യസമയത്ത് അവളുടെ പരിമിതി തിരിച്ചറിഞ്ഞതുകൊണ്ടാണ് ജീവിതകാലം മുഴുവന്‍ വെല്ലുവിളിയായി കൂടെയുണ്ടാവുന്ന വൈകല്യത്തെ ഇല്ലാതാക്കാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് സാധിച്ചത്.

സ്പീച്ച് തെറാപ്പി മികച്ച ഫലങ്ങള്‍ നല്‍കുമെന്ന് ഉറപ്പില്ലാത്തപ്പോള്‍ പോലും തന്റെ മാതാപിതാക്കള്‍ പ്രതീക്ഷ കൈവിടാതെ തന്നെ പരിശീലിപ്പിക്കുന്നതിനും മറ്റുമായി തനിക്ക് വേണ്ടി മാറ്റിവെക്കാന്‍ സമയം കണ്ടെത്തിയെന്ന്‌ റിസ്‌വാന പറയുന്നു. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്ന ആറാമത്തെ വയസ്സിലും തനിക്ക് എല്ലാ വിധത്തിലുള്ള ആത്മവിശ്വാസം നല്‍കുകയും സാധാരണ രീതിയില്‍ തന്നെ പരിശീലിപ്പിക്കുകയും ചെയ്തത് മാതാപിതാക്കളാണെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു.

പരിമിതികള്‍ മറികടന്ന് ശബ്ദങ്ങളുടെ ലോകത്തേക്ക് അവളെ കൈപിടിച്ചുനടത്തിയ ഡോക്ടറാണ് എന്നും അവളുടെ റോള്‍ മോഡല്‍. ഒരു ഇ.എന്‍.ടി സര്‍ജന്‍ ആകുവാനാണ് റിസ്‌വാനയുടെ ആഗ്രഹം. തന്നെപ്പോലെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തന്റെ കഥ പ്രചോദനമാവുമെങ്കില്‍ അതില്‍ കൂടുതല്‍ സന്തോഷം തനിക്ക് മറ്റൊന്നുമില്ലെന്നും റിസ്‌വാന പറയുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ അബ്ദുള്‍ റഷീദിന്റെയും സബിതയുടെയും മകളാണ് റിസ്‌വാന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button