ജോലിയില്‍ തിരിച്ചെടുക്കാത്തതില്‍ റിയാസിന് പക; റിന്‍സിയെ കൊന്നത് മുന്‍വൈരാഗ്യം മൂലം,പ്രതി മുന്‍ ജീവനക്കാരന്‍

തൃശൂര്‍: നടുറോഡില്‍ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പില്‍ റിന്‍സി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് റിയാസിനെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെ, ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിന്‍സിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍, തിരിച്ചെടുക്കാന്‍ റിന്‍സി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിന്‍സിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവമുണ്ടായത്. നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു റിന്‍സിയെ റിയാസ് ആക്രമിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരാണ് ഓടിയെത്തിയത്. തുടര്‍ന്ന് റിന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു മരണം സംഭവിക്കുകയായിരുന്നു.

എറിയാട് കെ വി എച്ച് എസ് സ്‌കൂളിന് സമീപത്ത് നിറക്കൂട്ട് എന്ന ടെക്സ്‌റ്റൈല്‍സ് നടത്തുകയായിരുന്നു റിന്‍സി. കടയില്‍ നിന്നും മടങ്ങിയ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി റിയാസ് സ്‌കൂട്ടറിന് ഇടിച്ച് വീഴ്ത്തിയ ശേഷം റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരളുകള്‍ അറ്റു. ശരീരത്തില്‍ 30ഓളം വെട്ടുകളാണുള്ളത്.

റിന്‍സിയുടെ വീടിന് നേരെ അക്രമം നടത്തിയ കേസില്‍ മാസങ്ങള്‍ക്ക് മുമ്പ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. ഇയാള്‍ കടയിലെത്തി പലപ്പോഴും ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News