തൃശ്ശൂർ: കനത്ത സുരക്ഷയില്‍ മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് റിപ്പര്‍ ജയാനന്ദന്‍. രാവിലെ പതിനൊന്നേകാലിന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം.
റിപ്പര്‍ ജയാനന്ദനെ എത്തിക്കുന്നതിന് മുന്പു തന്നെ വടക്കുന്നാഥ ക്ഷേത്രവും പരിസരവും കനത്ത പൊലീസ് കാവലിലാക്കിയിരുന്നു. ഒന്പതരയോടെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് വടക്കുന്നാഥനിലെത്തിച്ചു. പിന്നാലെ വധൂവരന്മാര്‍ ക്ഷേത്രത്തിനകത്തേക്ക്. മകള്‍ക്കൊപ്പം ജയാനന്ദന്‍റെ ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളും. പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാര്‍ഥിയായിരുന്നു വരന്‍. ക്ഷേത്ര നട അടച്ചതിനാല്‍ വധൂരവന്മാര്‍ പതിനൊന്നുവരെ ഇലഞ്ഞിത്തറയിലെ ഗോപുരത്തിനു സമീപം കാത്തുനിന്നു. പതിനൊന്നേ കാലോടെ താലികെട്ട്. ജയാനന്ദന്‍ വധുവിന്‍റെ കൈപിടിച്ച് വരനെ ഏല്‍പ്പിച്ചു.
സദ്യ കഴിഞ്ഞ് പൊലീസ് ജീപ്പില്‍ ജയാനന്ദനെ വിയ്യൂര്‍ ജയിലില്‍ മടക്കിയെത്തിച്ചു. ഭാര്യയുടെ അപേക്ഷയുമായി മകളാണ് ജയാനന്ദനായി ഹൈക്കോടതിയില്‍ ഹാജരായത്. രണ്ടു ദിവസത്തെ എസ്കോട്ട് പരോളാണ് കോടതി അനുവദിച്ചത്. ഇന്നലെ രാവിലെ മാളയിലെ വീട്ടിലെത്തിച്ച ജയാനന്ദനെ വൈകിട്ടോടെ ജയിലേക്ക് മടക്കിക്കൊണ്ടുപോയിരുന്നു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഇന്ന് വീണ്ടും പൊലീസ് കാവലില്‍ പുറത്തെത്തിച്ചത്. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ ഉള്‍പ്പടെ ഇരുപത്തിനാലു കേസുകളിൽ പ്രതിയാണ് ജയാനന്ദൻ . ജീവിതാവസാനം വരെ കഠിന തടവാണ് കോടതി വിധിച്ച ശിക്ഷ