കൊടുങ്ങല്ലൂര്‍: ‘ഉമ്മയെ എപ്പോഴും അയാള്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. മുന്‍പ് വീട്ടില്‍ കയറിയും ആക്രമിച്ചിട്ടുണ്ട്. കടയില്‍ നിന്നു ഞങ്ങള്‍ സ്‌കൂട്ടറില്‍ വീട്ടിലേക്കു വരികയായിരുന്നു. ആ വളവിലെത്തിയപ്പോള്‍ അയാള്‍ സ്‌കൂട്ടറില്‍ വന്ന് ഇടിച്ച് ഞങ്ങളുടെ വണ്ടി വീഴ്ത്തി. ഞങ്ങളെല്ലാം നിലത്തുവീണു. അയാള്‍ വാഹനത്തില്‍ സൂക്ഷിച്ച വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് ഉമ്മയെ’.. ദുരന്തം കണ്‍മുന്‍പില്‍ കണ്ടത് വിവരിക്കുമ്പോള്‍ മുഴുവിപ്പിക്കാനാകാതെ 11കാരിയായ റിഹ വിതുമ്പി.
വ്യാഴാഴ്ച രാത്രി എറിയാട് ബ്ലോക്കിനു കിഴക്ക് വീട്ടിലേക്കു മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പോകവെയാണ് റിന്‍സി നാസറിനെ അയല്‍വാസിയായ റിയാസ് വെട്ടിയത്. എല്‍കെജി വിദ്യാര്‍ഥി ദായിമും തന്റെ പ്രിയപ്പെട്ട ഉമ്മയുടെ വിയോഗത്തില്‍ പകച്ച് നില്‍ക്കുകയാണ് ഇപ്പോഴും.
വ്യാഴാഴ്ച വൈകിട്ട് 7.30നാണു സ്‌കൂട്ടറില്‍ മക്കളോടൊപ്പം പോയിരുന്ന റിന്‍സിയെ അയല്‍വാസി റിയാസ് പിന്തുടര്‍ന്ന് ആക്രമിച്ചത്. സംഭവത്തിനുശേഷം അടുത്തുള്ള ഡോക്ടറുടെ വീട്ടിലായിരുന്നു രാത്രി 11 വരെ ഇവര്‍. അപ്പോഴേക്കും പിതാവ് ആശുപത്രിയില്‍ നിന്നു വിളിച്ച് ഉമ്മയ്ക്കു കുഴപ്പമില്ല, ചെറിയ മുറിവുകള്‍ മാത്രമേയുള്ളു എന്ന് ആശ്വസിപ്പിച്ചു.
അതിനുശേഷമാണ് ഇരുവരും കുഞ്ഞുമ്മായുടെ വീട്ടിലേക്കു പോയത്. എന്നാല്‍ രാവിലെ ഉമ്മ വരുമെന്ന പ്രതീക്ഷയില്‍ ഇരുന്ന കുഞ്ഞുമക്കളുടെ അടുത്തേയ്ക്ക് എത്തിയത് മരണവാര്‍ത്തയായിരുന്നു. തന്റെ അമ്മയുടെ വിയോഗം അറിഞ്ഞ് കുഞ്ഞനുജനെ ചേര്‍ത്തുപിടിച്ചു തേങ്ങുകയാണ് എറിയാട് കെവിഎച്ച്എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റിഹ.