കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്ന യുവാവ് സ്വയം കുത്തി മരിച്ചു
ഇന്‍ഡോര്‍: ഹോളി ആഘോഷത്തിനിടെ കത്തികൊണ്ട് സ്വയം കുത്തി മരിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും പുറത്തുവരുന്നത്. ബംഗംഗ മേഖലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി ആഘോഷത്തിനിടെ സ്റ്റണ്ട് ഡാന്‍സ് ചെയ്യുകയായിരുന്ന സംഘത്തിലെ 38 കാരനായ യുവാവ് അബദ്ധത്തില്‍ സ്വയം കുത്തുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
കൈയില്‍ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാല്‍ സോളങ്കി (38) ആണ് മരണപ്പെട്ടത്. കൂട്ടുകാരുമായി തമാശയ്ക്ക് സംഘട്ടനം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, യുവാവ് അബദ്ധത്തില്‍ സ്വയം കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അമിതമായി മദ്യപിച്ച ഗോപാല്‍ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഒരു സ്റ്റണ്ട് സീക്വന്‍സ് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് നാല് തവണ സ്വയം കുത്തുന്നത് ദൃശ്യത്തില്‍ കാണാം.
സോളങ്കിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് കുടുംബം.