കൊച്ചി:മലയാള സിനിമയിൽ പ്രകടമായ ചില മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത നടിയാണ് റിമ കല്ലിങ്കൽ. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്തിയ നടിമാരിൽ ഒരാളാണ് റിമ. ഇക്കാരണം കൊണ്ട് തന്നെ റിമയ്ക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ നഷ്ടപ്പെട്ടു എന്നതടക്കമുള്ള സംസാരങ്ങൾ ഉണ്ട്. എങ്കിലും സിനിമയ്ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ റിമ ഇന്നും മടി കാണിക്കാറില്ല.
ഇപ്പോഴിതാ, നടി ഉർവശിയോട് മലയാള സിനിമ കാണിക്കുന്നത് അനീതിയാണെന്ന അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് റിമ കല്ലിങ്കൽ. തന്റെ പുതിയ സിനിമയുടെ പ്രചരണാർത്ഥം മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്. താനൊരു കടുത്ത ഉർവശി ആരാധിക ആണെന്ന് പറയുന്നതിനിടെയാണ് നടിയോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് റിമ പറഞ്ഞത്. വിശദമായി വായിക്കാം.
ഉർവശി ചേച്ചിയെ പോലുള്ള ഒരു കലാകാരിക്ക് ഇവിടത്തെ സംവിധായകർക്കോ എഴുത്തുകാർക്കോ എന്തു തരം കഥാപാത്രമാണു നൽകാനുള്ളതെന്ന് റിമ ചോദിക്കുന്നു. അത്രയും കഴിവുള്ള നടി. അവരിവിടെയുണ്ട്. പക്ഷേ, എന്താണ് അവർക്കു കൊടുക്കുന്നത്? ഇത് കടുത്ത അനീതിയാണ്. മുന്നോട്ടു നോക്കുമ്പോൾ ഇവരെയാണ് ഞങ്ങൾ കാണുന്നത്. ഇത്രയും കഴിവുള്ള ഉർവശി ചേച്ചിക്ക് പോലും ഇടം ലഭിക്കാത്തിടത് ഞങ്ങൾക്ക് എന്താണ് എന്ന് ഓർക്കുമ്പോഴുള്ള അരക്ഷിതത്വം വലുതാണ്. നിരന്തരമുള്ള സംസാരവും പോരാട്ടവും കാരണം ക്ഷീണിച്ചുവെന്നും റിമ പറയുന്നു.
മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾവരുന്നുണ്ട് എന്നാൽ നായക നടന് ലഭിക്കുന്നത് പോലെയുള്ള പ്രാധാന്യം അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് റിമ ചോദിക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിമിഷയുടെ സിനിമയാണ്. ജയ ജയ ജയ ജയഹേ ദർശന ചുമലേറ്റിയത്. തുറമുഖത്തിലെ പൂർണിമയുടെ പ്രകടനം. അതുപോലെ നിഖില വിമൽ ആകട്ടെ, ഐശ്വര്യ ലക്ഷ്മിയാകട്ടെ നിത്യാ മേനോനാകട്ടെ.. അവരെയൊക്കെ നമ്മൾ ഉപയോഗിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ തന്നെ ഒരു നായകനടനു ലഭിക്കുന്ന പ്രാധാന്യവും പണവും അവർക്കു ലഭിക്കുന്നുണ്ടോ? ഇവിടെ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഇറങ്ങുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും വേതനത്തെ കുറിച്ചു സംസാരിക്കുമ്പോൾ അതു പ്രശ്നമാകുന്നു. ചില സിനിമകളിൽ നായികയും നായകനും പുതുമുഖങ്ങൾ ആണെങ്കിലും നായകൻ കൂടുതൽ പണം ചോദിക്കും. അയാൾക്കതു കിട്ടുകയും ചെയ്യുമെന്ന് റിമ പറയുന്നു.
നായികമാരെക്കാൾ പ്രതിഫലം വാങ്ങുന്ന സ്വഭാവ നടന്മാരുണ്ട്. അവർക്ക് കൂടുതൽ വർഷത്തെ പരിചയമുണ്ട് എന്നതാണ് മാനദണ്ഡമെങ്കിൽ അത്രയും വർഷത്തെ പ്രവർത്തന പരിചയമുള്ള നടിമാർക്ക് ആ പൈസ ലഭിക്കുന്നില്ലല്ലോ. ജെൻഡർ അല്ലാതെ എന്താണ് ഇതിന്റെ മാനദണ്ഡം? അങ്ങനെ കുറെ ചോദ്യങ്ങളുണ്ട്. ഉത്തരം തരാൻ ആർക്കെങ്കിലും താല്പര്യമുണ്ടോ എന്നും റിമ ചോദിക്കുന്നു.
ഇതേ അഭിമുഖത്തിൽ തന്നെ വിവാഹം തന്റെ കരിയറിനെ ബാധിച്ചതായി റിമ പറഞ്ഞിരുന്നു. ഒറ്റരാത്രി കൊണ്ട് ജീവിതം തന്നെ മാറിപ്പോയതായി തനിക്കു തോന്നിയിട്ടുണ്ടെന്നാണ് റിമ പറഞ്ഞത്. എന്നാൽ ആ മാറ്റം സംഭവിച്ചത് തനിക്കോ ആഷിഖിനോ അല്ല ചുറ്റുമുള്ള ലോകം തങ്ങളെ കാണുന്ന രീതിയിലാണെന്നും റിമ വ്യക്തമാക്കി. ഭാര്യ എന്ന ചട്ടക്കൂടിലേക്ക് എന്നെ ഒതുക്കിയതു പോലെ തോന്നി. സിനിമാ മേഖലയും തന്നെ അങ്ങനെ മാറ്റിനിർത്തി എന്നാണ് റിമ പറഞ്ഞത്.
ഒരിടവേളയ്ക്ക് ശേഷം റിമ കല്ലിങ്കൽ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രത്തിൽ നായികയായിട്ടാണ് തിരിച്ചുവരവ്. ടൊവിനോ തോമസ്, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏപ്രിൽ 20 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.