തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കവേ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി കോൺഗ്രസുകാർ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.
കേരളത്തിലെ കോൺഗ്രസാണെങ്കില്‍ ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകർക്കാൻ ആണ് ശ്രമിക്കുന്നത്. കോൺഗ്രസ്സിന്റെ ഈ പുറകോട്ട് പോക്ക് ദൗർഭാഗ്യകരമാണ്. പാഠം ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോവണം. തമ്മിലടി അവസാനിപ്പിക്കാനും മതനിരപേക്ഷ നിലപാട് സ്വീകരിക്കാനും കോൺഗ്രസ് തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. രാജസ്ഥാനിൽ 116 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 67 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു.
മധ്യപ്രദേശില്‍ ബിജെപി 155 ഇടങ്ങളിലും കോൺഗ്രസ് 72 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇവിടെ കോൺഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ അവയെല്ലാം നിഷ്ഫലമാക്കി മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല്‍ ട്രെൻഡ് നല്‍കുന്ന സൂചന.
2018ല്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 18 മാസം അധികാരത്തിലിരുന്നതൊഴിച്ചാൽ 20 വർഷമായി ബിജെപിയാണ് മധ്യപ്രദേശിൽ അധികാരത്തിലുള്ളത്.
ഛത്തീസ്ഗഢിൽ കോൺഗ്രസ് കനത്ത ജാഗ്രതയിലാണ്. സ്ഥാനാർത്ഥികളോട് റായ്പൂരിലെത്താൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. പിസിസി ആസ്ഥാനത്ത് ഇന്ന് തന്നെ വിജയികൾ എത്തണമെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. റായ്പൂരിൽ കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്.