ന്യൂഡൽഹി: ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം തിരുത്തിയെഴുതാൻ ചരിത്രകാരന്മാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അവരുടെ ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. “ഞാൻ ചരിത്ര വിദ്യാർത്ഥിയാണ്, നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും വളച്ചൊടിക്കപ്പെടുന്നുവെന്നും ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് ശരിയായിരിക്കാം, പക്ഷേ ഇപ്പോൾ നമ്മൾ ഇത് തിരുത്തേണ്ടതുണ്ട്” ദില്ലിയിൽ അസം സർക്കാരിന്റെ ഒരു ചടങ്ങിൽ അമിത് ഷാ പറഞ്ഞു.
ചരിത്രം ശരിയായ രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ആരാണ് നമ്മളെ തടയുന്നതെന്ന് അമിത് ഷാ ചോദിച്ചു. “ഇവിടെയുള്ള എല്ലാ വിദ്യാർത്ഥികളോടും സർവ്വകലാശാലാ പ്രൊഫസർമാരോടും ഈ ചരിത്രം ശരിയല്ലെന്ന് ഞാൻ പറയുന്നു. 150 വർഷം രാജ്യത്ത് ഭരിച്ച 30 രാജവംശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തിനായി പോരാടിയ 300 പ്രമുഖ വ്യക്തികളെക്കുറിച്ചും ഗവേഷണം നടത്താൻ ശ്രമിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
തിരുത്തി എഴുതിക്കഴിഞ്ഞാൽ പിന്നെ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കപ്പെടില്ല. മുന്നോട്ട് വരൂ, ഗവേഷണം നടത്തി ചരിത്രം തിരുത്തിയെഴുതൂ. ഇങ്ങനെയാണ് ഭാവി തലമുറയ്ക്കും പ്രചോദനമാകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിടവ് നികത്തിയതായും അമിത് ഷാ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ശ്രമഫലമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.