തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ വാഹനാപകടം. തൃശ്ശൂര്‍ പഴഞ്ഞിയിൽ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. കാറിനകത്ത് അകപ്പെട്ട ബാങ്ക് മാനേജറെ ഇതുവഴി വന്ന യാത്രക്കാര്‍ രക്ഷപ്പെടുത്തി. പട്ടാമ്പിയിൽ നിയന്ത്രണം വിട്ട കാര്‍ വീടിൻ്റെ മതിലിടിച്ച് തകര്‍ത്ത ശേഷം നിര്‍ത്താതെ പോയി.
നിയന്ത്രണം വിട്ട കാര്‍ അമിത വേഗതയിൽ പുറകോട്ട് വന്ന് മതിലിലിടിച്ച ശേഷം റോഡിലേക്ക് തെറിച്ച് നിന്നു. ഉടനെ തന്നെ ഡ്രൈവര്‍ വാഹനവുമായി മുന്നോട്ട് പോവുകയായിരുന്നു. വളാഞ്ചേരിയിൽ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോട്ടയത്ത് നിര്‍ത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് മരം വീണും അപകടമുണ്ടായി.
പഴഞ്ഞി പെങ്ങാമുക്കിലാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. പാറേമ്പാടം സ്വദേശിനിയും വട്ടംപാടം അർബൻ ബാങ്ക് മാനേജറുമായ താര സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചിറക്കൽ ഭാഗത്തുനിന്നും വട്ടംപാടം ഭാഗത്തേക്ക് വന്നിരുന്ന കാർ ചെറുവള്ളിക്കടവ് പാലത്തിന് മുകളിലേക്ക് കയറുന്നതിനിടെ എതിരെ വന്ന വാഹനത്തെ കണ്ട് സൈഡ് കൊടുക്കുന്നതിനായി കാറ് പുറകോട്ടെടുത്തതോടെ നിയന്ത്രണം വിട്ട് പാതയോരത്തെ കൈവരി തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. കാറ് തോട്ടിലേക്ക് മറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെ എതിരെ വന്ന വാഹന യാത്രക്കാർ ഉടൻതന്നെ വാഹനം നിർത്തി തോട്ടിലേക്ക് ഇറങ്ങി കാർ യാത്രികയെ രക്ഷിച്ചു. തോട്ടിലേക്ക് വീണ കാർ ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
പട്ടാമ്പി വിളയൂരിലാണ് നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിൽ ഇടിച്ച് അപകടം ഉണ്ടായത്. തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിയോടെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വീടിന്റെ മതിൽ ഭാഗികമായി തകർന്നു. അപകടത്തിൽ പെട്ട കാർ നിർത്താതെ പോയി.
മലപ്പുറം വളാഞ്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇരിങ്ങാവൂര്‍ സ്വദേശി നിവിനാണ് പരിക്കേറ്റത്. ഇയാളെ നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് വളാഞ്ചേരി പാലച്ചോട് വച്ച് നിവിൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിവിൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കോട്ടയം വൈക്കം വെച്ചൂരിലാണ് നിർത്തിയിട്ട രണ്ട് കാറുകൾക്ക് മുകളിൽ മരം വീണത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. രണ്ടു കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.