InternationalNews

വവ്വാല്‍നിറഞ്ഞ ഖനിയില്‍നിന്ന് ശീതീകരിച്ച് വൈറസിനെ വുഹാനിലെ ലാബിലെത്തിച്ചിരുന്നു ,കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ലാബിനേക്കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്

ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ വുഹാനിലെ ലാബിലെ വൈറസിനെ കുറിച്ച് ചില സൂചനകള്‍ പുറത്ത് : വവ്വാല്‍നിറഞ്ഞ ഖനിയില്‍നിന്ന് ശീതീകരിച്ച് വൈറസിനെ വുഹാനിലെ ലാബിലെത്തിച്ചിരുന്നു. ഏഴു വര്‍ഷം മുന്‍പ് യുനാനിലെ ഖനിയില്‍നിന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറസ് സാംപിളുകള്‍ക്ക് ഇപ്പോഴത്തെ കൊറോണ വൈറസുമായി അടുത്ത സാമ്യമുണ്ടെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2013-ല്‍ തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ വവ്വാലുകള്‍ നിറഞ്ഞ ഒരു ചെമ്പുഖനിയില്‍നിന്ന് ശേഖരിച്ച്, ശീതീകരിച്ച് വുഹാന്‍ ലാബിലേക്ക് അയച്ചതാണ് വൈറസ് സാംപിളുകള്‍.അന്ന് വവ്വാലിന്റെ കാഷ്ഠം നീക്കം ചെയ്ത ആറു പേര്‍ക്ക് കടുത്ത ന്യുമോണിയ ബാധിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൂന്നു പേര്‍ മരിക്കുകയും ചെയ്തു. വവ്വാലുകളില്‍നിന്നു പടര്‍ന്ന കൊറോണ വൈറസ് ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണു സൂചനയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ ജീവനക്കാരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഇതിനു ശേഷം യുനാന്‍ പ്രവിശ്യയിലെ ഈ ഖനിയില്‍ ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന വൈറോളജിസ്റ്റ് സി ഷെങ്ലി പരിശോധന നടത്തുകയും ചെയ്തിരുന്നു. 2013-ല്‍ യുനാനില്‍നിന്നു ലഭിച്ച് ആര്‍എടിജി13 എന്ന ഒരു വൈറസുമായി കൊറോണയ്ക്ക് 96.2 ശതമാനം സാമ്യമുണ്ടെന്ന് സി ഷെങ്ലി ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ചെമ്പ് ഖനിയില്‍നിന്നു ലഭിച്ചത് ഇതേ വൈറസ് തന്നെയാണെന്നും ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വുഹാന്‍ ലാബ് മറുപടി പറഞ്ഞിട്ടില്ലെന്നും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button