ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച ഐപിഎൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ നടിയും മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ കുഷിത കല്ലാപ്പുവിന്റെ കൈയിലെത്തിയതിനെച്ചൊല്ലി വിവാദം. വിഐപി ടിക്കറ്റുകളുടെ ചിത്രം നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനായാണ് രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകൾ അനുവദിച്ചത്. ‘ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രിക്ക്’ എന്ന് ടിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ടിക്കറ്റുകൾ എങ്ങനെ കുഷിതയുടെ കൈകളിലെത്തി എന്നതാണ് ഇപ്പോൾ ചർച്ച. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇത് ചോദ്യംചെയ്ത് എത്തിക്കഴിഞ്ഞു.
40,000 രൂപയോളം വിലവരുന്ന ‘സൺറൈസേഴ്‌സ് എലൈറ്റ് ലോഞ്ച്’ ടിക്കറ്റുകളാണിവ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗികമായി നൽകിയ ടിക്കറ്റുകൾ എങ്ങനെ നടിയുടെ കൈവശം എത്തിയെന്നതാണ് ഉയരുന്ന സംശയം.
സംഭവം വിവാദമായതോടെ കുഷിത ഇൻസ്റ്റാഗ്രാമിൽ നിന്ന് ചിത്രം നീക്കം ചെയ്തു. എന്നാൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ടുകൾ വൈറലായിക്കഴിഞ്ഞു. തന്റെ സുഹൃത്തുക്കൾ വഴിയാണ് ടിക്കറ്റ് ലഭിച്ചതെന്നാണ് നടി നൽകുന്ന വിശദീകരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസോ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സർക്കാരിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തെലുങ്ക് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് കുഷിത കല്ലാപ്പു. സംഭവം വിവാദമായതിനു പിന്നാലെ ഇവർ ഇൻസ്റ്റാഗ്രാം സ്റ്റോറി നീക്കംചെയ്തിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് നൽകേണ്ട ടിക്കറ്റുകളാണിവ. ഇത്തരം പാസുകൾ സാധാരണയായി ഔദ്യോഗിക ആവശ്യങ്ങൾക്കോ സുരക്ഷാ ഏകോപനത്തിനോ പ്രോട്ടോക്കോൾ അതിഥികൾക്കോ വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഇവ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർക്കോ രാഷ്ട്രീയ ഭാരവാഹികൾക്കോ സുഹൃത്തുക്കൾക്കോ ഒന്നുംതന്നെ വ്യക്തിപരമായി ഉപയോഗിക്കാൻ സാധിക്കില്ല.
കോംപ്ലിമെന്ററി ടിക്കറ്റുകളെച്ചൊല്ലി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നേരത്തെയും അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. 2025-ൽ കൂടുതൽ ടിക്കറ്റുകൾ ആവശ്യപ്പെട്ട് എച്ച്സിഎ കോർപ്പറേറ്റ് ബോക്‌സ് പൂട്ടിയിടുകയും വെള്ളവും വൈദ്യുതിയും തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
English Summary
A major controversy has erupted in Telangana after IPL complimentary tickets reserved for Chief Minister Revanth Reddy ended up in the hands of actress and Instagram influencer Kushitha Kallapu. The issue came to light when Kushitha shared a picture of the tickets, clearly marked for the “Hon’ble CM of Telangana,” on her Instagram story. The tickets were for the SRH vs CSK match held at Uppal Stadium, valued at approximately ₹40,000 each for the Elite Lounge. Opposition parties have raised questions regarding how official tickets sent to the CMO reached a private individual, alleging misuse of power.


