ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച ചിത്രത്തിലുള്ളത് ഇസ്രയേലി സൈനികൻതന്നെ എന്ന് സ്ഥിരീകരിച്ച് ഐഡിഎഫ്. കഴിഞ്ഞ ദിവസമാണ് ക്രിസ്തുവിന്റെ പ്രതിമ ഒരു ഇസ്രയേലി സൈനികൻ തകർക്കുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചിരുന്നു. പിന്നാലെയാണ് ലെബനനിൽ പ്രവർത്തിക്കുന്ന ഇസ്രയേലി സൈനികൻതന്നെയാണ് ചിത്രത്തിലുള്ളതെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചത്.
‘പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. ഈ സംഭവം ഐഡിഎഫ് വളരെ ഗൗരവമായാണ് കാണുന്നത്. സൈനികന്റെ പെരുമാറ്റം സൈനികരിൽനിന്ന് പ്രതീക്ഷിക്കുന്ന മൂല്യങ്ങൾക്ക് വിപരീതമാണ്’, ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു.
ഈ സംഭവം നോർത്തേൺ കമാൻഡ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടെത്തലുകൾക്കനുസരിച്ച് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി.കൂടാതെ, പ്രതിമ അതിന്റെ സ്ഥാനത്തുതന്നെ പുനഃസ്ഥാപിക്കുന്ന നടപടികളിലാണ് തങ്ങളുള്ളതെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.
‘തെക്കൻ ലെബനനിൽ ഹിസ്ബുല്ല സ്ഥാപിച്ച തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളാണ് ഇസ്രയേൽ സൈന്യം തകർക്കുന്നത്. എന്നാൽ, മതപരമായ കെട്ടിടങ്ങളോ മതപരമായ ചിഹ്നങ്ങളോ ഉൾപ്പെടെയുള്ള പൊതുജന അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്താൻ ഉദ്ദേശിക്കുന്നില്ല’ എന്നും ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു.
English Summary
The Israel Defense Forces (IDF) has officially confirmed that the person seen damaging a statue of Jesus Christ in Lebanon in a viral photo is indeed an Israeli soldier. Following widespread global outrage and protests, the IDF conducted a preliminary investigation and admitted that the soldier’s behavior contradicts the core values expected of its personnel. The IDF stated that they view the incident with extreme seriousness and promised strict disciplinary action against the soldier involved. The incident has drawn sharp criticism for violating the sanctity of religious symbols and international norms regarding the protection of places of worship during conflicts.


