വയനാട്ടില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം; റിസോര്‍ട്ട് പൂട്ടി

വയനാട്: മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയെ കൊല്ലപ്പെട്ട സംഭവത്തില്‍ കളക്ടര്‍ അദീല അബ്ദുള്ളയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടി. റിസോര്‍ട്ടില്‍ പരിശോധന നടത്തിയ കളക്ടര്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടും പൂട്ടുമെന്ന് അറിയിച്ചു.

അനുമതിയില്ലാതെ ടെന്റുകള്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചാല്‍ ഉടമയ്‌ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. റിസോര്‍ട്ടില്‍ ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. സംഭവത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉടന്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, റിസോര്‍ട്ട് പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. റിസോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങിയ കണ്ണൂര്‍ ചേളേരി സ്വദേശി ഷഹാന (26) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറയുന്നത്. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി.