മുംബൈ: റിലയന്‍സിന്റെ ധനകാര്യ കമ്പനിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിങ്കളാഴ്ച (ഒക്ടോബര്‍ 28) മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട് . ജിയോ പേയ്‌മെന്റ് സൊല്യൂഷന്‍സിനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതോടു കൂടി ഗൂഗിൾ പേ, ഫോൺ പേ മാതൃകയിൽ ഓൺലൈൻ പണമിടപാടുകൾക്ക് വേണ്ടി ജിയോയും കളത്തിലിറങ്ങുമെന്ന് ഉറപ്പായി.
മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കമ്പനിയെന്ന നിലയില്‍ ആകര്‍ഷകമായ ഓഫറുകളും ക്യാഷ് ബാക്ക് പോളിസിയും ജിയോ സൊല്യൂഷ്യന്‍സ് അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ടെലികോം രംഗം ജിയോയിലൂടെ കൈയടക്കിയ അതേ മാതൃക ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ രംഗത്തും അംബാനി അവതരിപ്പിക്കുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് ഓണ്ഡലൈന്‍ പേയ്‌മെന്റ് രംഗത്ത് മുന്‍പന്തിയിലുള്ളത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ കമ്പനികളാണ്. ഇവര്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും ജിയോ പേയ്‌മെന്റ് സൊല്യൂഷന്‍സ് (ജെഎസ്എല്‍) ഉയര്‍ത്തുകയെന്ന കാര്യത്തില്‍ സംശയമില്ല. ഉപഭോക്താക്കൾ കൈവിട്ടു പോകാതിരിക്കാൻ കൂടുതല്‍ ആകര്‍ഷകമായ ക്യാഷ്ബാക്ക് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ഈ കമ്പനികൾ മുന്നോട്ട് വെക്കുന്നതോടെ വൻ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.