പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ പാറയിടുക്കില്‍നിന്ന് തന്നെ രക്ഷിച്ച സൈന്യത്തിനു നന്ദി പറഞ്ഞ് ബാബു. പാറയിടുക്കില്‍നിന്ന് ജീവിതത്തിലേക്ക് എടുത്തുയര്‍ത്തിയ സൈനികര്‍ക്കൊപ്പം ഇരുന്നാണ് ബാബു നന്ദി അറിയിച്ചത്.ദൗത്യസംഘത്തിലെ സൈനികന്‍ ബാലയാണ് ബാബുവിനെ ശരീരത്തോട് ചേര്‍ത്തുവച്ച് കെട്ടി മലമുകളിലേക്ക് എത്തിച്ചത്. ബാലയെ സ്‌നേഹ ചുംബനം നല്‍കിയാണ് ബാബു നന്ദി അറിയിച്ചത്.
മലമുകളില്‍നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇതിനകം വൈറലായി. 40 മണിക്കൂറിലേറെ വെള്ളവും ഭക്ഷണവും കിട്ടാതെ ക്ഷീണിതനായിരുന്ന ബാബുവിന് സൈനികന്‍ ആദ്യം ഭക്ഷണവും വെള്ളവും അടങ്ങിയ കിറ്റ് നല്‍ കുകയായിരുന്നു. തുടര്‍ന്ന് ഒന്‍പതരയോടെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് മല മുകളിലേക്ക് കയറ്റിത്തുടങ്ങി.
അതേസമയം മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറുപ്പക്കാരന്‍ ബാബുവിനെ രക്ഷപ്പെടുത്തിയതു സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തന ദൗത്യത്തിലൂടെയാണെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. എല്ലാ ദൗത്യസംഘങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മകളുടേയും വലിയ വിജയമാണിത്. കഴിഞ്ഞ കുറേ മണിക്കൂറുകളായി ബാബുവിനെ രക്ഷപ്പെടുത്താനുള്ള കൂട്ടായ പരിശ്രമം നടന്നു വരികയായിരുന്നു.
പാലക്കാട് കളക്ടറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും റവന്യു, പോലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍മാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. പലവിധ മാര്‍ഗങ്ങളും ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററുകളും ഡ്രോണ്‍ സര്‍വേ ടീമിന്റെ സഹായങ്ങളും നമുക്കു ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ സൈന്യത്തെ വിളിക്കുകയായിരുന്നു.
പര്‍വതാരോഹണത്തില്‍ വിദഗ്ധരായ സൈനികര്‍ ഇന്നലെ രാത്രി തന്നെ മലമ്പുഴയിലെത്തി രക്ഷാപ്രവര്‍ത്തന ദൗത്യം ആരംഭിച്ചു. ഇപ്പോള്‍ അത് വിജയമായിരിക്കുകയാണ്. ഈ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.