ബെംഗളൂരു: നന്ദിഹിൽസിൽ ട്രെക്കിങ്ങിനിടെ കാൽവഴുതിവീണ് പാറയിടുക്കിൽ കുടുങ്ങിപ്പോയ എൻജിനിയറിങ് വിദ്യാർഥിയെ രക്ഷപ്പെടുത്തി. ഡൽഹി സ്വദേശി നിശാങ്കിനെ (19) ആണ് വ്യോമസേനയുടെ ഹെലികോപ്‌റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. 300 അടി താഴ്ചയിലാണ് യുവാവ് കുടുങ്ങിയത്.
ഞായറാഴ്ച രാവിലെയാണ് യുവാവ് ട്രെക്കിങ് ആരംഭിച്ചത്. ഇതിനിടെ കാൽ വഴുതിവീണു. യുവാവുതന്നെയാണ് പാറയിടുക്കിൽ കുടുങ്ങിയ കാര്യം ഫോണിൽ പോലീസിനെയും വീട്ടുകാരെയും അറിയിച്ചത്.
ഉടനെ ഡിവൈ.എസ്.പി. വാസുദേവിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. പിന്നീട് വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. ഹെലികോപ്‌റ്ററിൽനിന്ന് കയർവഴി കമാൻഡോ താഴെയെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പോലീസും സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ബെംഗളൂരു പി.ഇ.എസ്. സർവകലാശാലയിലെ വിദ്യാർഥിയായ നിശാങ്കിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.