KeralaNews

വാടകയ്ക്കെടുത്ത വാഹനം പണയംവച്ച് പണം തട്ടി; മോന്‍സണിനെതിരെ ‘റെന്റ് എ കാര്‍’ ഉടമ

കൊച്ചി: പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ നിരവധി പേരെ പറ്റിച്ച മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ പരാതികള്‍. റെന്റ് എ കാര്‍ ഉടമ ബിസിനസ് നടത്തുന്ന കൊച്ചി സ്വദേശി മനാഫ് ആണ് മോന്‍സനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 2003 ല്‍ വാടകയ്ക്കെടുത്ത വാഹനം പണയംവച്ച് മോന്‍സണ്‍ പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ആയുര്‍വേദ ഡോക്ടര്‍ എന്ന പേരിലാണ് മോന്‍സണ്‍ മാവുങ്കല്‍ മനാഫിനെ പരിചയപ്പെടുന്നത്. കൊച്ചിയില്‍ ബിസിനസിന് എത്തിയതാണെന്നാണ് പറഞ്ഞത്. തന്റെ വാഹനം വര്‍ക്ക് ഷോപ്പിലാണെന്നും വാഹനം വേണമെന്നും പറഞ്ഞു. വാടക നല്‍കിയ ശേഷം മടങ്ങി. ബന്ധം സ്ഥാപിച്ച ശേഷം ഒന്‍പത് മാസത്തിനിടെ ഏഴ് കാറുകളാണ് മോന്‍സണ്‍ വാടകയ്ക്കെടുത്തത്.

പല സ്റ്റേഷനുകളില്‍ പരാതി നല്‍കിയ ശേഷമാണ് വാഹനങ്ങള്‍ തിരികെ കിട്ടിയത്. വലിയ രീതിയില്‍ സാമ്പത്തിക നഷ്ടമുണ്ടായി. ബാങ്കില്‍ ജോലിക്ക് പോകേണ്ടി വന്നു. മൂന്ന് വര്‍ഷം ജോലി ചെയ്ത ശേഷമാണ് വീണ്ടും ബിസിനസ് തുടങ്ങിയത്. കേസ് നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ ഗൂണ്ടാ ഭീഷണി ഉണ്ടായി. വീട് കത്തിക്കുമെന്നുവരെ പറഞ്ഞു. തന്റെ ഓരോ കാര്യങ്ങളും നീരീക്ഷിക്കാന്‍ ആളുണ്ടെന്നും മനാഫ് വ്യക്തമാക്കി.

വാക്കുവച്ച് ആളുകളെ കറക്കാന്‍ മോന്‍സണ് അറിയാം. നല്ല നടനാണയാള്‍. കേസുകളില്‍ നിന്ന് മോന്‍സണ്‍ ഊകരിപോകുമെന്നാണ് തനിക്ക് തോന്നുന്നത്. അയാള്‍ക്ക് പോലീസുകാരുമായി നേരിട്ട് ബന്ധമുള്ളതായി അറിയില്ല. റിയട്ടേര്‍ഡ് എസ്പിയുമായി ബന്ധമുണ്ടെന്നറിയാമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ മോന്‍സണ്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാല സ്വദേശി രാജീവ് ശ്രീധരനില്‍ നിന്ന് ഇങ്ങനെ ഇയാള്‍ തട്ടിയെടുത്തത് 1.72 കോടി രൂപയാണ്. കേസില്‍ ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ആദ്യം 26 ലക്ഷം രൂപയാണ് മോന്‍സണ്‍ വാങ്ങിയതെന്ന് രാജീവ് ശ്രീധരന്‍ പറയുന്നു. ഇത് പല തവണയായി വാങ്ങിയതാണ്. പിന്നീട് ഡല്‍ഹിയിലെ ആവശ്യത്തിനായി വീണ്ടും പണം വാങ്ങി. വീണ്ടും പല ആവശ്യങ്ങള്‍ പറഞ്ഞ് പലതവണ പണം തട്ടി. ആദ്യം നല്‍കിയ 26 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ വീണ്ടും പണം നല്‍കി എന്നും രാജീവ് ശ്രീധരന്‍ പറയുന്നു.

ബീനാച്ചി എസ്റ്റേസ്റ്റിലെ ഭൂമി പാട്ടത്തിനെടുത്ത് നല്‍കാമെന്നവകാശപ്പെട്ടാണ് മോന്‍സണ്‍ പണം തട്ടിയത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു ഇത്. കേരള സര്‍ക്കാരുമായി പലതവണ നിയമയുദ്ധം നടന്നിട്ടുള്ള സ്ഥലമാണ് ഇത്. അടുത്തിടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇത് കേരളത്തിനു വിട്ടുനല്‍കിയത്.

ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകീട്ടോടെയാണ് മോന്‍സണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത് മൂന്ന് ദിവസത്തേക്കാണ്. കസ്റ്റഡി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

മോന്‍സണിസന്റെ ബാങ്ക് ഇടപാടുകള്‍ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ പുരാവസ്തുക്കള്‍ക്ക് എങ്ങിനെ ഇയാള്‍ രേഖകള്‍ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷം കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

ഇന്നലെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സണിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button