കണ്ണൂര്‍ ജയിയിലേക്ക് മാറ്റണം; നിരാഹാര സമരവുമായി കൊടി സുനി

തൃശൂര്‍: ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ടി.പി വധക്കേസ് പ്രതി കൊടി സുനി നിരാഹാര സമരം നടത്തി. കണ്ണൂര്‍ ജയിലിലേക്കു മാറ്റണമെന്നായിരുന്നു ആവശ്യം. ഒന്നര ദിവസം നീണ്ട നിരാഹാരം ഇന്നലെ രാത്രി അവസാനിപ്പിച്ചു. ജയില്‍ മാറണമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ പാടില്ലെന്നും കാണിച്ച് സൂപ്രണ്ടിനു കത്തു നല്‍കിയായിരുന്നു നിരഹാര സമരമെന്നു പറയുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന കൊടി സുനിയെ ഒരു മാസം മുമ്പാണ് അതീവസുരക്ഷാ ജയിലിലേക്കു മാറ്റിയത്. വധഭീഷണിയുണ്ടെന്നു കൊടി സുനി തന്നെയാണ് ജയില്‍ അധികൃതരോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രത്യേക സുരക്ഷയാണ് കൊടി സുനിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മറ്റു ജയില്‍പ്പുള്ളികളുമായി സംസാരിക്കുന്നതിലും നിയന്ത്രണമുണ്ട്.

നേരത്തെ ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചതിനെത്തുടര്‍ന്ന് ഇയാളെ വിയ്യൂര്‍ ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദിനു തന്നെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു കൊടി സുനിയുടെ ആരോപണം.

ജയിലിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് റഷീദ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ അവിടേക്കു പോകാന്‍ കഴിയില്ലെന്നാണ് സുനി പറയുന്നത്. കണ്ണൂരിലേക്കുതന്നെ മാറ്റണമെന്നാണ് നിര്‍ബന്ധമത്രെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News