ജില്ലാആശുപത്രി ജോലിയിൽ തിരിച്ചുകയറണം, പുതിയവീട്ടിൽ താമസിക്കണം; സര്‍ക്കാര്‍ ജോലിയിൽ നിന്നും അവധിയെടുത്ത് ലണ്ടനിലേക്ക് പോയത് ഒരു വര്‍ഷം മുമ്പ്, വിമാനത്തിനൊപ്പം കത്തിയമർന്നത് രഞ്ജിതയുടെ സ്വപ്നങ്ങളും

അഹമ്മദാബാദ്/പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്‌സും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ഗോപകുമാരന്‍ നായര്‍(40) ആണ് മരിച്ചത്. ലണ്ടനില്‍ നഴ്‌സായിരുന്ന രഞ്ജിത നാട്ടില്‍വന്ന് തിരികെ മടങ്ങുന്നതിനിടെയാണ് ആകാശദുരന്തത്തില്‍ ജീവൻ പൊലിഞ്ഞത്. രണ്ട് മക്കൾക്കൊപ്പം പുതിയ വീട്ടില്‍ താമസിക്കുകയെന്ന സ്വപ്നം ബാക്കിവെച്ചാണ് രഞ്ജിതയുടെ മടക്കയാത്ര.

നേരത്തേ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലിചെയ്തിരുന്നത്. ഇവിടെനിന്ന് അവധിയെടുത്ത് ഒമാനിലേക്ക് പോയി. ഒമാനിലെ സലാലയിൽ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. സലാലയിൽ നഴ്‌സായി ജോലിചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോയത്. ഏകദേശം ഒരുവർഷം മുമ്പാണ് രഞ്ജിത ലണ്ടനില്‍ എന്‍എച്ച്എസില്‍ ജോലിയില്‍പ്രവേശിച്ചത്. എന്നാല്‍, അധികം വൈകാതെ തിരികെ നാട്ടിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ച് നാട്ടില്‍ നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ഇനിയുള്ള കാലം താമസിക്കാനായിരുന്നു തീരുമാനം. ജില്ലാ ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതിന് ആവശ്യമായ നടപടിക്രമങ്ങള്‍ക്കായാണ് ഇത്തവണ രഞ്ജിത നാട്ടിലെത്തിയത്. ഇതെല്ലാം പൂര്‍ത്തിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ രഞ്ജിതയുടെ ജീവന്‍ പൊലിഞ്ഞത്.

കഴിഞ്ഞദിവസം വൈകീട്ടാണ് രഞ്ജിത അവധി കഴിഞ്ഞ് വീട്ടില്‍നിന്ന് മടങ്ങിയത്. ചെങ്ങന്നൂരില്‍നിന്ന് ട്രെയിന്‍മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി അവിടെനിന്ന് ചെന്നൈയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും പോവുകയായിരുന്നു. അഹമ്മദാബാദില്‍നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം.

മാസങ്ങള്‍ക്ക് മുമ്പാണ് നിലവിലെ വീടിനോട് ചേര്‍ന്ന് രഞ്ജിതയുടെ പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. വീടിന്റെ നിര്‍മാണം ആരംഭിക്കുന്നവേളയില്‍ രഞ്ജിത നാട്ടിലെത്തിയിരുന്നു. പുതിയ വീടിന്റെ നിര്‍മാണം 75 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു.

പത്തനംതിട്ട പുല്ലാട് പരേതനായ കൊഞ്ഞൊണ്‍ ഗോപകുമാരന്‍ നായരുടെയും തുളസിയുടെ മകളാണ് രഞ്ജിത. മക്കള്‍: ഇന്ദുചൂഡന്‍ ((പത്താംക്ലാസ് വിദ്യാര്‍ഥി, എസ്‌വിഎച്ച്എസ്എസ് പുല്ലാട്), ഇതിഗ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി, ഒഇഎം സ്‌കൂള്‍ ഇരവിപേരൂര്‍) സഹോദരങ്ങള്‍: രഞ്ജിത്ത്, രതീഷ്.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിന്‍ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് സ്ഥിരീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News